പ്രിയപ്പെട്ട കള്ളൻ അറിയുവാൻ..സ്കൂളിൽ കയറിയ കള്ളനോട് സമൂഹ മാധ്യമങ്ങളിൽ സഹായമഭ്യർത്ഥിച്ച് തലശേരിയിലെ ശമ്പളം മുടങ്ങിയ ഒരു കൂട്ടം അധ്യാപക – അനധ്യാപകർ.
സ്കൂളിൽ കയറിയ കള്ളന് സമൂഹമാധ്യമങ്ങളിൽ കത്തെഴുതി തലശേരി മുബാറക് ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകരും അനധ്യാപകരും ഉൾപ്പെടുന്ന ടീം മുബാറക്ക്. കള്ളൻ അടിച്ചുമാറ്റിയ ഡിജിറ്റൽ സിഗ്നേച്ചർ അടങ്ങിയ പെൻഡ്രൈവില്ലാതെ തങ്ങൾക്ക് ശമ്പളം വാങ്ങാനാകുന്നില്ലെന്ന ആകുലതയോടെ, അതെങ്കിലും തിരിച്ചു നൽകണമെന്ന അഭ്യർത്ഥനയോടെയാണ് കുറിപ്പ്. കുറിപ്പിൽ തലശ്ശേരി പൊലീസിനെയും വിമർശിക്കുന്നുണ്ട്. കുറിപ്പിന്റെ പൂർണ്ണരൂപം…
കള്ളൻ അറിയാൻ,
ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രീ നീ വീണ്ടും ഞങ്ങളുടെ മുബാറക്ക് ഹയർ സെക്കന്ററി സ്കൂളിൽ വന്ന് മോഷണം നടത്തിയത് വളരെ നീചകരമായ ഒരു പ്രവൃത്തിയായി പോയി….
ഞങ്ങളുടെ നിഗമനം ശരിയാണെങ്കിൽ ഏഴ് മാസം മുൻപ് നീ തന്നെയാണ് ഇവിടെ വന്ന് നാൽപ്പതിനായിരം രൂപയും ഡി.എസ്.എൽ. ആർ ക്യാമറയും അപഹരിച്ചത്.
നിന്നെ വലയിൽ വീഴ്ത്താനാവാത്തത് ഏമാൻമാരുടെ വീഴ്ച തന്നെയാണെന്നതിൽ തർക്കമില്ല……..
ഇത്തവണ നീ എല്ലാ തെളിവുകളും നശിപ്പിച്ചു… നിരീക്ഷണ ക്യാമറയുടെ ഹാർഡ് ഡിസ്കും, രണ്ട് ലാപ്ടോപ്പും നീ എടുത്തു കൊണ്ടുപോയി.
കൂട്ടത്തിൽ നിനക്ക് ഒരു ഉപകാരവുമില്ലാത്ത ഞങ്ങളുടെ ഡിജിറ്റൽ സിഗ്നേച്ചറിന്റെ പെൻഡ്രൈവും നീ അടിച്ചു മാറ്റി… നിനക്കറിയാമോ ഇതില്ലാതെ ഞങ്ങൾക്ക് ശമ്പളം വാങ്ങാനാവില്ലന്ന കാര്യം. ശമ്പളം മുടങ്ങിയാൽ മരുന്നു കിട്ടാതെ ദുരിതമനുഭവിക്കേണ്ടി വരുന്ന ഞങ്ങളുടെ രോഗികളായ മാതാപിതാക്കളുടെ കാര്യം, ബേങ്ക് ലോണു മുടങ്ങി ഇരട്ടി പലിശ നൽകേണ്ടി വരുന്നവരുടെ കാര്യം അങ്ങിനെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ നെട്ടോട്ടമോടുന്ന അധ്യാപക, അനധ്യാപകരുടെ പ്രയാസമോർത്തെങ്കിലും ഈ പെൻ ഡ്രൈവ് ഞങ്ങൾക്ക് തിരിച്ച് എത്തിച്ചു തരണം.
പിന്നെ
ഒരഭ്യർത്ഥന കൂടി നീ തൊഴിലാക്കിയ മോഷണം പ്രത്യേകിച്ച് സ്കൂളുകൾ കേന്ദ്രീകരിച്ചുള്ളത് നിർത്തി മറ്റു വല്ല ജോലിയും ചെയ്ത് അന്തസ്സായി ജീവിക്കുക.
എന്ന്
നിന്റെ നീചകൃത്യം അംഗീകരിക്കാത്ത ലോകത്തിലെ എല്ലാവരോടുമൊപ്പം ഞങ്ങളും.
ടീം മുബാറക്ക്
തലശ്ശേരി.




0 Comments