റേറ്റ്’ തേടി ഫോൺവിളി, മുറി അടച്ചിരുന്നത് മൂന്നാഴ്ച; സത്യം തുറന്നുപറഞ്ഞ് യുവതി
കൊച്ചി∙ ‘ഭിന്നശേഷിക്കാരനായ മകൻ ഉപയോഗിച്ചിരുന്ന ഫോൺ നമ്പരിലേക്കു തുരുതുരാ വിളികൾ, മെസേജുകൾ.. എല്ലാം അശ്ലീലം നിറഞ്ഞവ. അവർക്ക് റേറ്റ് അറിയണം. മകന്റെ നമ്പരാന്ന് ഒരുത്തനോട് എത്ര പറഞ്ഞിട്ടും വിളി നിർത്തുന്നില്ല. എന്നാൽ അവനൊരു പണി കൊടുക്കാമെന്നു കരുതിയാണ് 25,000 രൂപയാണ് റേറ്റ്, പൈസയിട്ടിട്ട് നീ വിളിക്ക് എന്നു പറഞ്ഞത്. ഇല്ലെങ്കിൽ നിന്റെ വീട്ടിൽ കയറിപ്പണിയുമെന്നു മനപ്പൂർവം തന്നെ പറഞ്ഞതാണ്. പക്ഷേ അത് ഇങ്ങനെ ഒരു പണിയായി തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അപ്പുറത്ത് അതിലും വലിയ തിരക്കഥയൊരുങ്ങുന്നത് മനസ്സിലാക്കാനായില്ല എന്നതാണ് സത്യം’ – ഒൻപതു മാസം മുമ്പ് സെക്സ്റാക്കറ്റിലെ യുവതി ഭീഷണിപ്പെടുത്തി എന്നു പറഞ്ഞു പുറത്തു വന്ന വാർത്തയുടെ ഒരു ഭാഗം മാത്രമാണ് സമൂഹമാധ്യമങ്ങളിലൂടെ കണ്ടതും കേട്ടതും. എന്തായിരുന്നു സത്യമെന്ന് പറയാൻ ശ്രമിക്കുകയാണ് വൈപ്പിൻ സ്വദേശിനിയും രണ്ടു കുട്ടികളുടെ മാതാവുമായ ക്രിസ്റ്റി എവേർട്ട്.
‘ഗർഭിണിയായിരിക്കെ ഒരു വർഷം മുമ്പ് അദ്ദേഹവുമായി പിരിയേണ്ടി വന്നു. ഭർത്താവുമായി പിരിയുമ്പോൾ 14 വയസ്സുള്ള ഭിന്നശേഷിക്കാരനായ ഒരു മകനാണ് കൂടെയുണ്ടായിരുന്നത്. ഇപ്പോൾ കൂടെ ഒരു മകൾ കൂടിയുണ്ട്. വീട്ടുകാരെയെല്ലാം വെറുപ്പിച്ചു പോന്നതിനാൽ ഒറ്റയ്ക്കായിപ്പോയി. ജീവിതത്തിൽ ഒറ്റയ്ക്കാകുന്ന യുവതികളെ സഹായിക്കാൻ ആളുകളുടെ ബഹളമാണ്. ഭർത്താവിന്റെ സുഹൃത്തുക്കൾ മുതൽ പഴയ കൂട്ടുകാർ പോലും കാണുന്നത് മറ്റൊരു കണ്ണുകൊണ്ട്. അത്തരത്തിൽ വന്ന ഒരുത്തനെ പിണക്കിയതിന്റെ ഫലമാണ് പിന്നെ സംഭവിച്ചതെല്ലാം.’
ഡേറ്റിങ് സൈറ്റിലെ സുന്ദരി
വർഷങ്ങളായി ഉപയോഗിക്കുന്ന ഫെയ്സ്ബുക് അക്കൗണ്ടാണെന്ന് ക്രിസ്റ്റി പറയുന്നു. കൂടെ ഭർത്താവുള്ളപ്പോൾ എന്തു പേടിക്കാൻ. ഇഷ്ടം പോലെ ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. സുഹൃത്തുക്കളെന്നു പറയുന്ന പലരും ഇതെല്ലാം സൂക്ഷിച്ചു വച്ചിരുന്നെന്ന് അറിയുന്നത് വളരെ വൈകിയാണെന്നു മാത്രം. ഒരുത്തനുമായി പിണങ്ങേണ്ടി വന്ന് അധിക ദിവസങ്ങൾ കഴിഞ്ഞില്ല, മകൻ ഉപയോഗിച്ചു കൊണ്ടിരുന്ന ഫോണിലേക്കു വിളികൾ വന്നു തുടങ്ങി. ആദ്യം അവനെയാണു വഴക്കു പറഞ്ഞത്; കണ്ട കൂട്ടുകാർക്കൊക്കെ നമ്പർ കൊടുത്തിട്ടല്ലേ എന്നു ചോദിച്ച്. അവനാണെങ്കിൽ സ്മാർട്ഫോൺ ഇല്ലാതെ പറ്റില്ല. ഒന്നുകിൽ വാട്സാപ്പിൽ മെസേജ് അയയ്ക്കണം, അല്ലെങ്കിൽ വിഡിയോ കോളിൽ വരണം. സംസാരിക്കാൻ സാധിക്കാത്തതുകൊണ്ട് അവനോട് അങ്ങനെയാണ് കമ്യൂണിക്കേറ്റ് ചെയ്തിരുന്നത്.
വിളിക്കുന്നവരോടു സംസാരിച്ചപ്പോഴാണ് അവർ പറയുന്നത്, ആ നമ്പർ ആരോ ഒരു ഡേറ്റിങ് സൈറ്റിൽ കൊച്ചിയിലെ സുന്ദരികളുടെ പട്ടികയിൽ ആഡ് ചെയ്തിട്ടുണ്ടെന്ന്. പലർക്കും കാര്യം പറഞ്ഞപ്പോൾ മനസ്സിലായി. ആരാണ് ഇതു ചെയ്തതെന്ന് അറിയാമായിരുന്നതിനാൽ അന്നു തന്നെ പൊലീസിൽ പരാതി നൽകി. സൈബർ പൊലീസിലും പരാതി നൽകിയിട്ടും ഇന്നു വരെ പ്രതിയെ കണ്ടെത്താനോ പിടികൂടാനോ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ക്രിസ്റ്റി പറയുന്നു. സംശയിക്കുന്ന ആൾ വിദേശത്താണെന്നും അദ്ദേഹത്തെ ഇന്ത്യയിലെത്തിക്കാൻ സാധിക്കില്ല എന്നുമെല്ലാം മുട്ടുന്യായങ്ങൾ നിരത്തി പൊലീസ്. ശബ്ദമില്ലാത്ത മകന്റെ കൂട്ടുകാർ വിളിക്കുന്ന നമ്പരായതിനാൽ നമ്പർ മാറ്റാനും അവൻ സമ്മതിച്ചില്ല.
അങ്ങനെയിരിക്കയാണ് ഒരുത്തൻ വിളിച്ച് റേറ്റ് ചോദിക്കുന്നത്. കാര്യങ്ങൾ എത്ര പറഞ്ഞിട്ടും അയാൾ സമ്മതിക്കുന്നില്ല. ഇതോടെയാണ്, ഒരു ഭാര്യയുണ്ടായിട്ടും തന്നെ ഇങ്ങനെ ഉപദ്രവിക്കുന്ന ഒരാളെ ഒരു പാഠം പഠിപ്പിക്കാമെന്ന് തീരുമാനിച്ചത്. അവന്റെ വിവരങ്ങളെല്ലാം എടുത്തു, വീട്ടുകാരുടേത് ഉൾപ്പടെ. ഭാര്യയോട് കാര്യങ്ങൾ പറയാമെന്നാണ് വിചാരിച്ചത്. പക്ഷേ ഇതേ കാരണംകൊണ്ടു ജീവിതം നഷ്ടപ്പെട്ട ഒരാളെന്ന നിലയിൽ ഒരിക്കലും അവരെ ഉപദ്രവിക്കണമെന്നു വിചാരിച്ചിട്ടില്ല. പക്ഷേ ഫോണിൽ വിളിച്ചപ്പോൾ ഭാര്യയോട് പറയുമെന്നു പറഞ്ഞു. ആ ഓഡിയോ ഉപയോഗിച്ചാണ് താൻ ഭീഷണിപ്പെടുത്തി എന്നു പറഞ്ഞ് വാർത്തകൾ വന്നത്. ഓഡിയോയിൽ നല്ലൊരു ഭാഗം കൂട്ടിച്ചേർത്തതാണെന്നാണ് ക്രിസ്റ്റിയുടെ വാദം.
മുറിയിൽ അടച്ചിരുന്നത് മൂന്നാഴ്ച
‘എന്റെ തിരക്കഥ പൊളിഞ്ഞെങ്കിലും മറുഭാഗത്ത് സംവിധാനം ഗംഭീരമായി. വിളിച്ചിരുന്നയാൾ ഇതിനകം തന്നെ ചില ഓൺലൈൻ പത്രക്കാരുമായി വാർത്ത കൊടുക്കാൻ ധാരണയാക്കിയിരുന്നു. അതിനു വേണ്ടി പരമാവധി പ്രകോപിപ്പിക്കുകയായിരുന്നു അയാളെന്ന് തിരിച്ചറിഞ്ഞത് വൈകിയാണ്. റിപ്പോർട്ടറുടെ നിർദേശമനുസരിച്ചാണ് അയാൾ സംസാരിച്ചതെന്നാണ് പിന്നീട് മനസ്സിലായത്’. താൻ സെക്സ്റാക്കറ്റിൽ പെട്ട ആളാണെന്നും യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നും വാർത്ത വന്നതോടെ മാനസികമായി തകർന്നെന്ന് ക്രിസ്റ്റി പറയുന്നു. മൂന്നാഴ്ച, മനസ്സ് കൈവിട്ട് വീട്ടിലെ ഒരു മുറിയിൽ ഒരു പെട്ടിയിൽ കയറിയിരുന്നു. അത്യാവശ്യങ്ങൾക്കു മാത്രം പുറത്തിറങ്ങി. വീട്ടിൽ ഒരു ചേച്ചി സഹായത്തിനുണ്ടായിരുന്നതിനാൽ കുഞ്ഞിന്റെ കാര്യങ്ങൾ നോക്കി. ലോകത്ത് എല്ലാവരും തന്നെ ഉപേക്ഷിച്ചു. അടുപ്പം കാണിച്ചിരുന്ന കൂട്ടുകാർ പോലും ഉപേക്ഷിച്ചു. അപ്പോഴും കൂടെ നിന്നത് ആ ചേച്ചി മാത്രമാണ്. ‘എനിക്ക് അവളെ അറിയാം, ഒറ്റയ്ക്ക് അവൾ അനുഭവിക്കുന്നത് ഞാൻ കാണുന്നതല്ലേ’ എന്നു പറഞ്ഞാണ് അവർ കൂടെ നിന്നത്.
ഇന്ന് ഈ കാണിക്കുന്ന തന്റേടം അന്നു കാണിച്ചിരുന്നെങ്കിൽ ഒന്നും സംഭവിക്കില്ലായിരുന്നെന്ന് ഇപ്പോൾ തോന്നുന്നു. വാട്സാപ്പിലും ഫെയ്സ്ബുക്കിലും എല്ലാം പ്രചരിച്ച ചിത്രങ്ങളിൽ ഒരു സ്കൂട്ടറുണ്ടായിരുന്നു. ആ സ്കൂട്ടറുമായി എങ്ങും പോകാൻ പറ്റാത്ത അവസ്ഥയായി. സ്കൂട്ടറിന്റെ നമ്പർ നോക്കി എംവിഐയുടെ സൈറ്റിൽ കയറി പേരും വിവരങ്ങളും എടുക്കും. ആ പേര് ഫെയ്സ്ബുക്കിൽ തിരഞ്ഞ് ബാക്കി വിവരങ്ങളും ഫോട്ടോയും എടുക്കും. ഇത് സഹിക്കാൻ വയ്യാതെയാണ് സ്കൂട്ടർ വിറ്റത്. താമസിച്ചിരുന്ന വീടിന്റെ ഗേറ്റ് ഫോട്ടോയിലൂടെ നാട്ടുകാർക്ക് പരിചിതമായെന്ന് വീട്ടുടമയ്ക്ക് പരാതി. ഒടുവിൽ വീടും മാറേണ്ടി വന്നു. ഈ സമയം ഒരു പ്രമുഖ സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. ആളുകളെ അഭിമുഖീകരിക്കാനാവാതെ ജോലി ഉപേക്ഷിച്ചു. ആളുകൾ ഫോണിൽ നോക്കി തന്നെ നോക്കുന്നതു പോലെ തോന്നിത്തുടങ്ങി. മാനസികമായി ആകെ സമ്മർദത്തിൽ. തനിക്കെതിരെ വാർത്ത നൽകിയവർക്കെതിരെ പരാതി നൽകിയെങ്കിലും ഒരു അന്വേഷണവുമുണ്ടായില്ല. താൻ ഭീഷണിപ്പെടുത്തി എന്ന പരാതിയിൽ നടപടി എടുക്കാൻ ഒരു തവണ വിളിച്ചതൊഴികെ മറ്റൊന്നും സംഭവിച്ചില്ല. പക്ഷേ വാർത്ത വന്നതോടെ ഡേറ്റിങ് സൈറ്റിൽ നിന്ന് നമ്പർ അപ്രത്യക്ഷമായത് നേട്ടമായി.’
വീണ്ടും ഫെയ്സ്ബുക്കിൽ
‘അന്ന് ഡീആക്ടിവേറ്റ് ചെയ്തതാണ് ഫെയ്സ്ബുക്ക്. ഇപ്പോൾ വീണ്ടും എന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു എന്നറിഞ്ഞാണ് ഫെയ്സ്ബുക്ക് അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യുന്നത്. അല്ലെങ്കിലും ഞാനാരെയാണ് പേടിച്ച് ഓടണ്ടത് എന്നു പറഞ്ഞു ധൈര്യം തന്നതും ചില സുഹൃത്തുക്കളാണ്. പക്ഷേ ഇപ്പോൾ ഞാനൊരു ആക്ടിവിസ്റ്റാണ് എന്ന മട്ടിലാണ് ചിത്രങ്ങൾ പ്രചരിക്കുന്നത്. അറിയുന്ന പലരും സ്ക്രീൻഷോട്ട് അയച്ചു തന്നപ്പോഴാണ് ആദ്യം അറിയുന്നത്. പാവക്കുളം അമ്പലത്തിൽ ബിജെപിയുടെ പരിപാടി അലങ്കോലമാക്കിയത് ഞാനാണത്രേ. എന്റെ പഴയ പടങ്ങൾ എഡിറ്റ് ചെയ്തും അല്ലാതെയുമെല്ലാം ഫെയ്സ്ബുക്കിൽ പ്രചരിക്കുന്നു. പുറത്തിറങ്ങിയാൽ ആരെങ്കിലും പിടിച്ച് ഇടിക്കുമോ എന്ന് പേടിക്കണ്ട അവസ്ഥ. ഇതോടെയാണ് വീണ്ടും പൊലീസിൽ പരാതിയുമായെത്തിയത്. സൈബർ പൊലീസിൽനിന്ന് നേരത്തെ ഉള്ള അനുഭവം അറിയുന്നതിനാൽ ഡിസിപിക്ക് പരാതി കൊടുത്തു. ഇതുവരെയും നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നതിൽ അദ്ഭുതമില്ല.’
അവൾ എങ്ങനാ കാശുണ്ടാക്കുന്നേ..
‘രണ്ടു മക്കളുമായി അവൾ ഇപ്പോഴും ഇങ്ങനെ ജീവിക്കുന്നത് എങ്ങനെയെന്നാണ് പലർക്കും സംശയം. ഞാൻ മറ്റെന്തിനോ പോയി പണമുണ്ടാക്കുന്നതു കൊണ്ടല്ലേ ഇങ്ങനെ ജീവിക്കാൻ കഴിയുന്നത് എന്നാണു ചോദ്യം. ഭർത്താവ് ഉപേക്ഷിച്ചു പോയ സ്ത്രീകളെല്ലാം നേരിടുന്നത് ഏതാണ്ട് ഒരേ ചോദ്യമാണ്. ഒറ്റയ്ക്കാണെങ്കിലും അവൾ മാന്യമായി ജീവിക്കുന്നില്ലേ എന്ന് ആരും പറയില്ല. അവർ പണമുണ്ടാക്കുന്ന വഴികളെപ്പറ്റിയാണ് എല്ലാവർക്കും അറിയണ്ടത്. ഇപ്പോഴും മാന്യമായി ജോലി ചെയ്താണ് ജീവിക്കുന്നത്. മൂന്നു കമ്പനികൾക്കു വേണ്ടി വീട്ടിലിരുന്ന് ജോലി ചെയ്യുന്നുണ്ട്. ഭർത്താവുമായി വേർപിരിഞ്ഞെങ്കിലും അദ്ദേഹം മക്കൾക്കു വേണ്ടതു ചെയ്യും. പിന്നെ ഭിന്നശേഷിക്കാരനായ മകന്റെ പഠനകാര്യങ്ങൾക്കു സഹായിക്കുന്നവരുണ്ട്. മെക്കാനിക്കൽ കാര്യങ്ങളിൽ അതി വൈദഗ്ധ്യം കാണിക്കുന്ന അവനെ പുറത്തു കൊണ്ടുപോയി പഠിപ്പിക്കാമെന്നു വരെ വാഗ്ദാനമുണ്ട്. ഇവിടെ മോശം ആളുകൾ മാത്രമല്ല, നല്ല മനസ്സുള്ള ആളുകളും സംഘടനകളുമുണ്ട്.’




0 Comments