മുയ്യം – കൊളോളം എയര്‍പോര്‍ട്ട് റോഡ് : മൂന്ന് വര്‍ഷം കൊണ്ടുതന്നെ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തീകരിക്കും : ജയിംസ് മാത്യു എം എല്‍ എ

മുയ്യം – കൊളോളം എയര്‍പോര്‍ട്ട് റോഡ് : മൂന്ന് വര്‍ഷം കൊണ്ടുതന്നെ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തീകരിക്കും : ജയിംസ് മാത്യു എം എല്‍ എ




തളിപ്പറമ്ബ്: രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കേണ്ട ടാഗോര്‍ വിദ്യാനികേതന്‍ – മുയ്യം – കൊളോളം എയര്‍പോര്‍ട്ട് റോഡിന്റെ സര്‍വ്വേ ജോലികള്‍ ആറ് മാസം കൊണ്ട് പൂര്‍ത്തിയാക്കി ടെണ്ടര്‍ ചെയ്യാന്‍ തീരുമാനം.

റോഡ് നിര്‍മാണത്തിലെ എല്ലാ വിധ തടസങ്ങളും നീക്കി പരമാവധി വേഗത്തില്‍ പണി പൂര്‍ത്തീകരിക്കാന്‍ ജയിംസ് മാത്യു എം എല്‍ എ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. റോഡുമായി ബന്ധപ്പെട്ട എല്ലാ വിഭാഗത്തിലെയും ഉദ്യോഗസ്ഥ മേധാവികളും ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

291.63 കോടി രൂപ ചെലവിലാണ് നിയോജകമണ്ഡലത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ എയര്‍പോര്‍ട്ട് റോഡ് നിര്‍മിക്കുന്നത്. തളിപ്പറമ്ബ് ടാഗോര്‍ വിദ്യാനികേതന് മുന്നില്‍ നിന്നാരംഭിച്ച്‌ അള്ളാംകുളം – സര്‍സയ്യിദ് കോളേജ് – ഭ്രാന്തന്‍കുന്ന്- ചൊറുക്കള – ബാവുപ്പറമ്ബ്- നണിച്ചേരിക്കടവ് പാലം – ചെക്യാട്ട് കാവ് – മയ്യില്‍ – എട്ടേയാര്‍ – പാവന്നൂര്‍ മൊട്ട – വടുവന്‍കുളം വഴി കൊളോളത്ത് പ്രധാനറോഡുമായി സന്ധിക്കുന്ന പാതയാണിത്. യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയാണ് താലൂക്ക് ഓഫീസ് ഹാളില്‍ യോഗം വിളിച്ചു ചേര്‍ത്തത്.

തദ്ദേശഭരണസമിതി ഭാരവാഹികള്‍, റവന്യു വകുപ്പ്, വാട്ടര്‍ അതോറിറ്റി, കെ എസ് ഇ ബി, പൊതുമരാമത്ത് റോഡ്‌സ് വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവരാണ് പങ്കെടുത്തത്. റോഡ് നിര്‍മാണത്തിന്റെ ഭാഗമായി ഇത്തരമൊരു സമഗ്രമായ ആലോചനായോഗം ജില്ലയില്‍ തന്നെ ആദ്യമായിട്ടാണ് വിളിച്ചു ചേര്‍ത്തത്.

സ്ഥലം സര്‍വേയുടെ ഭാഗമായി ടോട്ടല്‍ സ്റ്റേഷന്‍ ജോലികള്‍ക്ക് ഇന്ന് രാവിലെ ചാലോട് നിന്നും മയ്യില്‍ നിന്നും ആരംഭിക്കും. ഇതിനായി രണ്ട് സര്‍വേ ടീമിനെ നിയോഗിക്കും. പത്ത് ദിവസത്തിനകം സര്‍വേ ജോലികള്‍ പൂര്‍ണമാകും. വിശദമായ പദ്ധതി രേഖ മൂന്ന് മാസം കൊണ്ട് പൂര്‍ത്തീകരിക്കും.

സാങ്കേതിക വിഭാഗത്തില്‍ ഉദ്യോഗസ്ഥരുടെ കുറവ് അനുഭവപ്പെടുകയാണെങ്കില്‍ അതിന് ഉടന്‍ തന്നെ പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. 13.6 മീറ്റര്‍ വീതിയിലാണ് 25.35 കിലോമീറ്റര്‍ റോഡ് നിര്‍മിക്കുന്നത്. സ്ഥലം ഏറ്റെടുക്കുമ്ബോള്‍ ഭൂവുടമകള്‍ക്ക് ദേശീയ പാതക്ക് വേണ്ടി സ്ഥലം അക്വയര്‍ ചെയ്യുമ്ബോള്‍ ലഭിക്കുന്ന അതേ തോതിലുള്ള നഷ്ടപരിഹാരമാണ് ലഭിക്കുക.മൂന്ന് വര്‍ഷം കൊണ്ടു തന്നെ നിര്‍മാണ ജോലികള്‍ പൂര്‍ത്തീകരിക്കാനുള്ള ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നതെന് എം എല്‍ എ പറഞ്ഞു.

നിര്‍മാണ ജോലികള്‍ കാര്യക്ഷമമാക്കുന്നതിന് വേണ്ടി ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി എയര്‍പോര്‍ട്ട് ലിങ്ക് റോഡ് എന്ന പേരില്‍ ഒരു വാട്സ് ആപ് ഗ്രൂപ്പ് ആരംഭിക്കാനും പ്രവര്‍ത്തന പുരോഗതികള്‍ അതത് ദിവസം അറിയിക്കാനും യോഗം തീരുമാനിച്ചു. കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഐ.വി.നാരായണന്‍, തഹസില്‍ദാര്‍മാരായ കെ.രാജന്‍, സി.വി.പ്രകാശന്‍, എല്‍ എ എന്‍എച്ച്‌ തഹസില്‍ദാര്‍ ടോം ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments