സര്‍വകക്ഷി യോഗത്തില്‍ പൗരത്വ പ്രതിഷേധം; ഒരാള്‍ പോലും അനുകൂലിച്ചില്ല
ന്യൂഡല്‍ഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനം സമാധാനപരമായി നടത്താന്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ പൗരത്വ വിഷയത്തില്‍ പ്രതിഷേധം. പ്രതിപക്ഷത്തിനു പുറമെ, പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് പാര്‍ലമന്റില്‍ വോട്ടുചെയ്ത ബിജു ജനതദള്‍, വൈ.എസ്.ആര് കോണ്‍ഗ്രസ്, ശിരോമണി അകാലി ദള്‍ എന്നിവ അടക്കമുള്ള പാര്‍ട്ടികളാണ് സര്‍ക്കാര്‍ പൗരത്വ വിഷയം കൈകാര്യം ചെയ്യുന്ന രീതിയില്‍ കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചത്.
പൗരത്വ ഭേദഗതി നിയമം നിരുപദ്രവകരമാണെന്ന സര്‍ക്കാര്‍ വിശദീകരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് നേരത്തെ അതിനെ പിന്തുണച്ചതെന്ന് ബി.ജെ.ഡി, വൈ.എസ്.ആര് കോണ്‍ഗ്രസ് പ്രതിനിധികള്‍ പറഞ്ഞു. എന്നാല്‍, ദേശീയ പൗരത്വ പട്ടിക നടപ്പാക്കുന്നതിെന്റ മുന്നൊരുക്കമാണ് നിയമഭേദഗതിയെന്ന് ബി.ജെ.പിയുടെ മുതിര്‍ന്ന മന്ത്രിമാര്‍ പ്രസംഗിച്ചു നടന്നു.
കൂട്ടുത്തരവാദിത്തം പോലും മറന്നാണ് കേന്ദ്രമന്ത്രിമാര്‍ സംസാരിക്കുന്നത്. ഇത്തരം പ്രസ്താവനകള്‍ രാജ്യത്ത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ബി.ജെ.ഡി പ്രതിനിധി പിനാകി മിശ്ര കുറ്റപ്പെടുത്തി. ആന്ധ്രപ്രദേശില്‍ ഒരു കാരണവശാലും നിയമം നടപ്പാക്കില്ലെന്ന് വൈ.എസ്.ആര് കോണ്‍ഗ്രസ് സര്‍വകക്ഷി യോഗത്തില്‍ വ്യക്തമാക്കി. കേന്ദ്ര ഗവണ്മെന്റിനെ പിന്തുണക്കുന്ന പി.എ സാങ്മയുടെ മകള്‍ അഗത സാങ്മയും സര്‍ക്കാറിെനതിരെ രൂക്ഷമായി പ്രതികരിച്ചു.
തെലങ്കാന രാഷ്ട്ര സമിതിയുടെ പ്രതിനിധികളും നിയമം നടപ്പാക്കാനാവില്ലെന്ന് അറിയിച്ചു. വലിയ ജനവിഭാഗത്തെ പൊതുധാരയില്‍നിന്നും പാര്‍ശ്വവത്കരിക്കാന്‍ മാത്രമാണ് ഇത്തരം പരിഷ്കാരങ്ങള്‍ വഴിവെക്കുകയെന്ന് ടി.ആര്.എസ് ചൂണ്ടിക്കാട്ടി. ആശയക്കുഴപ്പം പരിഹരിക്കാനുള്ള അടിയന്തര നടപടി സീകരിക്കണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അതാവല യോഗത്തില്‍ പറഞ്ഞു. സമരത്തില്‍ പങ്കെടുത്തവര്‍ വീടുകളിലെത്തി മക്കളേയും സഹോദരിമാരെയും ബലാത്സംഗം ചെയ്യുമെന്ന ബി.ജെ.പി എം.പിയുടെ പ്രസ്താവന എന്‍.സി.പിയുടെ സുപ്രിയ സുലെ ചൂണ്ടിക്കാട്ടി.
വേണ്ടിവന്നാല്‍ നിയമഭേദഗതി പുനഃപരിശോധിക്കണമെന്ന പൊതുവികാരം സര്‍വകക്ഷി യോഗത്തില്‍ ഉയര്‍ന്നുവന്നതായി പി.കെ. കുഞ്ഞാലിക്കുട്ടി, എന്‍.കെ. പ്രേമചന്ദ്രന്, ജോസ് കെ. മാണി എന്നിവര്‍ വിശദീകരിച്ചു. പൗരത്വ ഭേദഗതിയെ അനുകൂലിച്ച് ഒരാള്‍പോലും യോഗത്തില്‍ സംസാരിച്ചില്ല.
യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചവരെല്ലാം രാജ്യം നേരിടുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടിയപ്പോള്‍ അഞ്ചു മിനിറ്റോളം മറുപടി പ്രസംഗം നടത്തിയ പ്രധാനമന്ത്രി ഒരക്ഷരം പോലും ഇതുസംബന്ധിച്ച് പ്രതികരിച്ചില്ലെന്ന് എന്‍.കെ. പ്രേമചന്ദ്രന് കുറ്റപ്പെടുത്തി. അതിര്‍ത്തി സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍പോലും എതിര്‍ത്താണ് സംസാരിച്ചതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാര്‍ലമെന്റിെന്റ ഇരു സഭകളിലും ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് ജോസ് കെ. മാണി വ്യക്തമാക്കി.
0 Comments