പാപ്പിനിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ മരുന്ന് ക്ഷാമം.
പാപ്പിനിശ്ശേരി: ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെ പാപ്പിനിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ മരുന്നുക്ഷാമം രൂക്ഷമായി. ഒ.പി.യില്‍നിന്ന് ഡോക്ടര്‍മാര്‍ എഴുതിക്കൊടുക്കുന്ന ഭൂരിഭാഗം മരുന്നുകളും നിര്‍ധനരോഗികള്‍ പുറത്തുനിന്ന് വാങ്ങേണ്ട ദുരവസ്ഥയാണുള്ളത്. സ്റ്റോക്ക് എത്താത്തതാണ് കാരണമായി ആസ്പത്രി അധികൃതര്‍ പറയുന്നത്.
ആസ്പത്രിയുടെ ഫാര്‍മസിയില്‍ 2019 ഒക്ടോബര്‍ രണ്ടിന് വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപിടുത്തമുണ്ടായിരുന്നു. അന്ന് ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകളാണ് നശിച്ചത്. തുടര്‍ന്ന് ജില്ലാ ആരോഗ്യ വകുപ്പ് അധികൃതര്‍ അത്യാവശ്യം മരുന്നുകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശാനുസരണം എത്തിച്ചിരുന്നു. എന്നാല്‍ നശിച്ചുപോയ മരുന്നിനുപകരം സ്റ്റോക്ക് നല്‍കാത്തതിനെത്തുടര്‍ന്നാണ് ആസ്പത്രിയില്‍ ഇപ്പോള്‍ മരുന്ന് ക്ഷാമത്തിന് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. ഇനി ഈ സാമ്ബത്തികവര്‍ഷം പുതിയ സ്റ്റോക്ക് ലഭിക്കുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്.
ജീവിതശൈലീരോഗികള്‍ ഉള്‍പ്പെടെ ആസ്പത്രിയെ ആശ്രയിക്കുന്ന ഭൂരിഭാഗം നിര്‍ധനരോഗികളും സ്വകാര്യ ഫാര്‍മസികളില്‍നിന്നാണ് മരുന്ന് വാങ്ങുന്നത്. മൂന്നുമാസം മുന്‍പ് കത്തിനശിച്ച ഫാര്‍മസി അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തനക്ഷമമാക്കുന്ന നടപടികളും സ്തംഭനാവസ്ഥയിലാണ്. നിലവില്‍ ചെറിയ മുറിയില്‍നിന്നാണ് അത്യാവശ്യം മരുന്നുകള്‍ രോഗികള്‍ക്ക് നല്‍കുന്നത്.
നിത്യേന 700 മുതല്‍ 800 വരെ രോഗികള്‍ ആശ്രയിക്കുന്ന പ്രധാന സര്‍ക്കാര്‍ ആസ്പത്രിയായിട്ടും ആരോഗ്യവകുപ്പില്‍നിന്ന് അവഗണന നേരിടുകയാണ്.
0 Comments