മാത്യുവിന്റെ ചികിത്സ പൂര്‍ണമായും ഏറ്റെടുക്കല്‍: ഡി.എഫ്.ഒ. റിപ്പോര്‍ട്ട്‌ നല്‍കും.



മാത്യുവിന്റെ ചികിത്സ പൂര്‍ണമായും ഏറ്റെടുക്കല്‍: ഡി.എഫ്.ഒ. റിപ്പോര്‍ട്ട്‌ നല്‍കും.

കൊട്ടിയൂര്‍: പന്നിയാംമലയില്‍ ആനയാക്രമണത്തില്‍ പരിക്കേറ്റ വേലിക്കകത്ത് മാത്യുവിന്റെ ചികിത്സ പൂര്‍ണമായും ഏറ്റെടുക്കുന്നതിനായി സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട്‌ നല്‍കാന്‍ ഡി.എഫ്.ഒ.യുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. മാത്യുവിന്റെ കുടുംബാഗങ്ങളും ജനപ്രതിനിധികളും ഡി.എഫ്.ഒ.യുമായി വെള്ളിയാഴ്ച നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. ഇതുവരെ നടത്തിയ ചികിത്സകളുടെ വിവരങ്ങളും ഇനിയാവശ്യമായ ചികിത്സകളുടെ വിവരങ്ങളുമുള്‍ക്കൊള്ളിച്ച്‌ അപേക്ഷ നല്‍കാന്‍ മാത്യുവിന്റെ കുടുംബത്തോട് ഡി.എഫ്.ഒ. ഖുറ ശ്രീനിവാസ് ആവശ്യപ്പെട്ടു. കാട്ടാനയാക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് നല്‍കുന്ന ഒരുലക്ഷം രൂപയുടെ ചെക്ക് മാത്യുവന്റെ കുടുംബത്തിന് ഡി.എഫ്.ഒ.കൈമാറി.

സണ്ണി ജോസഫ് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ പരിക്കേറ്റ മാത്യുവിന്റെ മകന്‍ ജിഷോര്‍, മാത്യുവിന്റെ സഹോദരങ്ങളായ സണ്ണി, സെബാസ്റ്റിയന്‍, കൊട്ടിയൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി നമ്ബുടാകം, വനംവകുപ്പ് കൊട്ടിയൂര്‍ റേഞ്ച് ഓഫീസന്‍ പി.വിനു, സെക്‌ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ.ചന്ദ്രന്‍ നായര്‍, ഡിവിഷന്‍ സീനിയര്‍ ക്ലാര്‍ക്ക് ശ്രീരാജ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കെ.സുധാകരന്‍ എം.പി. ഡി.ഫ്.ഒ.യുമായി ഫോണില്‍ സംസാരിക്കുകയുംചെയ്തു. ചികിത്സയുടെ വിശദാംശങ്ങളുള്‍ക്കൊള്ളിച്ച വിവരങ്ങള്‍ ശനിയാഴ്ചതന്നെ നല്‍കുമെന്ന് മാത്യുവിന്റെ സഹോദരന്‍ സണ്ണി പറഞ്ഞു. അടുത്തദിവസങ്ങളില്‍ കണ്ണൂരിലെത്തുന്ന വനംമന്ത്രി കെ.രാജു, മന്ത്രി ഇ.പി.ജയരാജന്‍ എന്നിവര്‍ക്കും വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച അപേക്ഷ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ നല്‍കും.

കൊട്ടിയൂരില്‍ കര്‍ഷകര്‍ നടത്തിയ രാപകല്‍ സമരമടക്കമുള്ളവയുടെ ഫലമായാണ് ഒരുലക്ഷം രൂപ വേഗത്തില്‍ ലഭിച്ചതെന്നും വന്യമൃഗശല്യത്തില്‍നിന്ന്‌ നാടിന് സംരക്ഷണം നല്‍കാമെന്ന് ഡി.എഫ്.ഒ. ഉറപ്പുനല്‍കിയതായും പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി നമ്ബുടാകം പറഞ്ഞു. ഫെന്‍സിങ് കാര്യക്ഷമമാക്കല്‍, യഥാസമയങ്ങളിലെ ചാര്‍ജിങ്, വനംവകുപ്പ് ജീവനക്കാരുടെ കുറവുനികത്തി ജനങ്ങള്‍ക്കാവശ്യമായ സംരക്ഷണം നല്‍കല്‍ തുടങ്ങിയ കാര്യങ്ങള്‍ വേഗത്തില്‍ നടപ്പാക്കാനും യോഗത്തില്‍ തീരുമാനമായി.

മാത്യുവിന്റെ നിലയില്‍ പുരോഗതി

കാട്ടാനയാക്രമണത്തില്‍ പരിക്കേറ്റ വേലിക്കകത്ത്‌ മാത്യുവിന്റെ ആരോഗ്യനിലയില്‍ പുരോഗതി. ചെറുതായി സംസാരിക്കാന്‍ തുടങ്ങി. അപകടനില തരണംചെയ്തതായും ബന്ധുക്കള്‍ പറഞ്ഞു. ഇതുവരെ നാല് ശസ്ത്രക്രിയകള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഒന്നുകൂടി നടത്താന്‍ സാധ്യതയുണ്ട്. ഇതുവരെ 10 ലക്ഷത്തോളം രൂപ ചെലവായിട്ടുണ്ട്. അവസാന ശസ്ത്രക്രിയക്ക് മാത്രമായി നാലുലക്ഷത്തോളം രൂപയായെന്നും ബന്ധുക്കള്‍ അറിയിച്ചു.

Post a Comment

0 Comments