തകര്‍ന്ന പൊതുവിദ്യാലയത്തിന് നാട്ടുകാരുടെ കൂട്ടായ്മയില്‍ പുതിയ കെട്ടിടം.



തകര്‍ന്ന പൊതുവിദ്യാലയത്തിന് നാട്ടുകാരുടെ കൂട്ടായ്മയില്‍ പുതിയ കെട്ടിടം.

പഴയങ്ങാടി: നല്ലനിലയില്‍ പ്രവര്‍ത്തിച്ചിരുന്നതും ഇടക്കാലത്ത് നാശത്തിലേക്ക് നീങ്ങുകയും ചെയ്ത ചെങ്ങലിലെ മാടായിക്കാവ് എ.എല്‍.പി. സ്കൂളിന് നാട്ടുകാരുടെ കൂട്ടായ്മയില്‍ പുതിയ കെട്ടിടമായി.

1892-ല്‍ സ്ഥാപിച്ചതാണ് മാടായിക്കാവ് എല്‍.പി. സ്കൂള്‍. ആദ്യം മാടായിക്കാവ് പരിസരത്ത് പ്രവര്‍ത്തിച്ചിരുന്ന വിദ്യാലയത്തെ പിന്നീട് ചെങ്ങലിലേക്ക് മാറ്റുകയായിരുന്നു.

അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതമൂലം തകര്‍ന്ന് നിലംപൊത്താറായ ഈ വിദ്യാലയത്തിന്‌ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമായി നല്ല കെട്ടിടമുണ്ടാക്കാന്‍ സാധിച്ചു. ബഹുജനപിന്തുണയില്‍ 85 ലക്ഷം രൂപ നാട്ടില്‍നിന്നും മറ്റുമായി സ്വരൂപിച്ചാണ് അഞ്ച് ക്ലാസ് മുറികളും ഓഫീസ് മുറി, അടുക്കള, ഭക്ഷണഹാള്‍, ടോയ് ലറ്റ് കോംപ്ലക്സ് ഉള്‍പ്പെടെയുള്ള മനോഹരമായ കെട്ടിടം പണിതത്. വിദ്യാലയസംരക്ഷണസമിതിയുടെ മേല്‍നോട്ടത്തിലാണ് തറക്കല്ലിട്ട് ഒരുവര്‍ഷത്തിനകം കെട്ടിടംപണി പൂര്‍ത്തീകരിച്ചത്.

തിങ്കളാഴ്ച രാവിലെ ഒന്‍പതിന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് കെട്ടിടം ഉദ്ഘാടനം ചെയ്യും. ടി.വി.രാജേഷ് എം.എല്‍.എ. അധ്യക്ഷതവഹിക്കും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. മുഖ്യാതിഥിയായി പങ്കെടുക്കും.

ഇതോടനുബന്ധിച്ചുള്ള വിളംബര ഘോഷയാത്ര ശനിയാഴ്ച വൈകീട്ട് 4.30-ന് ചെങ്ങല്‍ കൊവ്വപ്പുറത്തുനിന്ന് ആരംഭിക്കും.

പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ പോള ബാലന്‍, കണ്‍വീനര്‍ കെ.പി.മനോജ്, ട്രഷറര്‍ ടി.വി.ജയദേവന്‍, പ്രഥമാധ്യാപിക കെ.കെ.ശ്രീലത, കെ.വി.ഹനീഷ്, പി.മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments