തലശ്ശേരി - വളവുപാറ റോഡ് നവീകരണം; രണ്ടാം റീച്ച് പ്രവർത്തി പൂർത്തിയാവുന്നു - പാത സൗന്ദര്യ വത്കരണത്തിനും തുടക്കമായി.



തലശ്ശേരി - വളവുപാറ റോഡ് നവീകരണം; രണ്ടാം റീച്ച് പ്രവർത്തി പൂർത്തിയാവുന്നു - പാത സൗന്ദര്യ വത്കരണത്തിനും തുടക്കമായി.

ഇരിട്ടി: തലശ്ശേരി- വളവുപാറ അന്തര്‍ സംസ്ഥാന പാതയുടെ കളറോഡ് മുതൽ വളവുപാറ വരെ നീളുന്ന രണ്ടാം റീച്ചിലെ റോഡ് നവീകരണ പ്രവർത്തികൾ ഏതാണ്ട് പൂർത്തിയായി.  നവീകരണത്തോടൊപ്പം പാതയോരം സൗന്ദര്യവത്ക്കരണം നടത്തുന്ന നടപിടകളും ആരംഭിച്ചു കഴിഞ്ഞു.  കെ എസ് ടി പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി  നടത്തുന്ന റോഡ് നവീകരണ പ്രവ്യത്തിയിൽ ഇരിട്ടി , കൂട്ടുപുഴ പാലങ്ങൾ ഒഴികെയുള്ള പ്രവർത്തികൾ  മാര്‍ച്ചോടെ പൂര്‍ത്തിയാകും. ഇരിട്ടി പാലത്തിൻെറ മറുകരയിലുള്ള കുന്നിയോടിച്ച ഭാഗത്തെ റോഡും ടൗണിൽ നടക്കുന്ന നിർമ്മാണ പ്രവർത്തികളിൽ ചിലതും മാത്രമാണ് ഇനി ബാക്കി നിൽക്കുന്നത്.  ഇതോടൊപ്പം പാതയോരം സൗന്ദര്യവത്ക്കരിക്കാനുള്ള നടപടികളും പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഇരിട്ടി ഉള്‍പ്പെടെ പ്രധാന പട്ടണങ്ങളും പാതയോരത്തെ കെ എസ് ടി പിയുടെ അധീനതയിലുള്ള ഭൂമിയും പ്രയോജനപ്പെടുത്തിയാണ് പൂന്തോട്ടം ഉള്‍പ്പെടെയുള്ള സൗന്ദര്യവത്ക്കരണ പരിപാടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നത് .
 റോഡ് നവീകരണത്തിന്റെ ഭാഗമായി നൂറുകണക്കിന് കൂറ്റൻ മരങ്ങളാണ് മുറിച്ചു നീക്കിയിരുന്നത്. അതുകൊണ്ടുതന്നെ വേനൽ കനത്തതോടെ കാട്ടുന്ന വെയിലാണ് ഇതുവഴി കടന്നു പോകുന്നവർ സഹിക്കേണ്ടി വരുന്നത്. ഇത്കൂടി കണക്കിലെടുത്ത് പച്ചത്തുരുത്തുകളും പൂന്തോട്ടങ്ങളും മറ്റും സൃഷ്ടിക്കുക എന്ന പദ്ധതികൂടിയാണ് ഇതോടൊപ്പം നടപ്പിലാക്കാൻ ശ്രമിക്കുന്നത്.  റോഡിന്റെ വളവും തിരിവും മാറ്റുന്നതിനും കയറ്റം കുറക്കുന്നതിനുമായി സ്ഥലം ഏറ്റെടുത്തപ്പോള്‍ റോഡിന്റെ അലൈന്‍മെന്റില്‍ കാര്യമായ മാറ്റങ്ങളുണ്ടായി. നേരത്തെ ഉണ്ടായിരുന്ന റോഡും അതിനോടനുബന്ധിച്ച സ്ഥലവും കൈയേറാതിരിക്കാന്‍ യാത്രക്കാര്‍ക്ക് ഉപകാരപ്രദമാകുന്ന നിലയില്‍ വിശ്രമകേന്ദ്രങ്ങളാണ് നിര്‍മ്മിക്കുന്നത്. ചെറിയൊരു പൂന്തോട്ടവും അതിനോടനുബന്ധിച്ച് ഇരിപ്പിടവും മറ്റുമാണ് ഒരുക്കുന്നത്. കീഴൂര്‍ കുന്നില്‍  നടക്കുന്ന പൂന്തോട്ടം ഏതാണ്ട് പൂര്‍ത്തിയായി. 200 മീറ്റര്‍ നീളത്തില്‍ 25 മീറ്റര്‍ വീതിയിലുള്ള പൂന്തോട്ടത്തോടനുബന്ധിച്ച് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും സൗകര്യമുണ്ട്.  വള്ളിത്തോട്, കുന്നോത്ത് എന്നിവിടങ്ങളിലും ഇത്തരത്തിലുള്ള പൂന്തോട്ടങ്ങള്‍ നിര്‍മ്മിക്കും. റോഡിന്റെയും പാലങ്ങളുടേയും നിര്‍മ്മാണം ഏറ്റെടുത്ത ഇ കെ കെ കരാര്‍ കമ്പിനിയാണ് പൂന്തോട്ടം നിര്‍മ്മിച്ച് കെ എസ് ടി പിക്ക് കൈമാറുന്നത്.
 നഗരങ്ങളില്‍ റോഡ് കഴിച്ചുള്ള ഭാഗം ഇന്റര്‍ലോക്ക് ചെയ്ത് മോടികൂട്ടുന്ന പ്രവ്യത്തിയും അന്തിമ ഘട്ടത്തിലാണ്. തെരുവുവിളക്കുള്‍ സ്ഥാപിക്കുന്ന പ്രവ്യത്തിയും പൂര്‍ത്തിയായി. പൂന്തോട്ടങ്ങളുടേയും മറ്റും പരിചരണം എങ്ങനെ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. സന്നദ്ധ സംഘടനകളേയും മറ്റും ഏല്‍പ്പിക്കാനാണ് അധികൃതര്‍ അലോചിക്കുന്നത്. ഇതിനായി ജനപ്രതിനിധികളുടേയും മറ്റും യോഗം വിളിച്ചു ചേര്‍ക്കാനും ആലോചിക്കുന്നുണ്ട്.

Post a Comment

0 Comments