സെക്രട്ടറിയേറ്റിലെ പഞ്ചിംഗ് പറ്റില്ലെന്ന് ഐഎഎസുകാര്‍; ശമ്ബളം മുടങ്ങിയതില്‍ എതിര്‍പ്പ്.



സെക്രട്ടറിയേറ്റിലെ പഞ്ചിംഗ് പറ്റില്ലെന്ന് ഐഎഎസുകാര്‍; ശമ്ബളം മുടങ്ങിയതില്‍ എതിര്‍പ്പ്.

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പഞ്ചിംഗിനെ എതിര്‍ത്ത് ഐഎഎസ് ഉദ്യോഗസ്ഥര്‍. പഞ്ചിംഗില്‍ നിന്ന് ഒഴിവാക്കണമെന്ന് ഐഎഎസ് ഉദ്യോഗസ്ഥര്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ഒന്നിലേറെ വകുപ്പുകളുടെ ചുമതലയുള്ളവര്‍ക്ക് കൃത്യസമയത്ത് സെക്രട്ടറിയേറ്റിലെത്തി പഞ്ച് ചെയ്യാന്‍ കഴിയില്ലെന്നാണ് ഐഎഎസ് ഉദ്യോഗസ്ഥരുടെ നിലപാട്.

പഞ്ചിംഗില്‍ വീഴ്ച വരുത്തിയാല്‍ ഉദ്യോഗസ്ഥരുടെ ശമ്ബളം മുടങ്ങും. ആഭ്യന്തര സെക്രട്ടറിക്കും ഊര്‍ജ്ജ - വ്യവസായ സെക്രട്ടറിമാര്‍ക്കുമെല്ലാം ഈ മാസം ശമ്ബളം മുടങ്ങി. ഇതോടെയാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ എതിര്‍പ്പുമായി ചീഫ് സെക്രട്ടറിയെ കണ്ടത്. സെക്രട്ടറിയേറ്റിന് പുറത്ത് നിരവധി യോഗങ്ങളില്‍ പങ്കെടുക്കാനുള്ളതിനാല്‍ സെക്രട്ടറിമാര്‍ക്ക് രാവിലെയും വൈകുന്നരവും കൃത്യമായ പഞ്ചിംഗ് അപ്രായോഗികമെന്നാണ് ഐഎഎസുകാര്‍ പറയുന്നത്. സെക്രട്ടറിമാരുടെ പരാതി പൊതുഭരണസെക്രട്ടറി റിപ്പോര്‍ട്ടാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാനാണ് സാധ്യത. നേരത്തെ പഞ്ചിംഗില്‍ നിന്നും ഐഎഎസുകാരെ ഒഴിവാക്കണമെന്ന പൊതുഭരണ സെക്രട്ടറിയുടെ ശുപാര്‍ശ മുഖ്യമന്ത്രി തള്ളിയിരുന്നു. സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരുടെ ജോലി സമയത്തില്‍ കൃത്യത വരുത്താനാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ പഞ്ചിംഗ് നടപ്പാക്കിയത്. ജീവനക്കാരുടെ സംഘടനകളുടെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് പൊതുഭരണവകുപ്പ് ഉത്തരവിറക്കിയത്.

Post a Comment

0 Comments