എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍, എംഇഎസ് കോളേജില്‍ പ്രിന്‍സിപ്പലിനെ കയറാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി




എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍, എംഇഎസ് കോളേജില്‍ പ്രിന്‍സിപ്പലിനെ കയറാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി

കണ്ണൂര്‍: കൂത്തുപറമ്ബ് എംഇഎസ് കോളേജില്‍ പ്രിന്‍സിപ്പലിനെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജില്‍ വരാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി. എസ്‌എഫ്‌ഐ പ്രവര്‍ത്തകരായ മൂന്ന് പേര്‍ക്ക് അനധികൃതമായി ഹാജര്‍ നല്‍കാത്തത് കൊണ്ടാണ് ഇവര്‍ തനിക്ക് വിലക്കേര്‍പ്പെടുത്തിയതെന്ന് പ്രിന്‍സിപ്പല്‍ പ്രൊഫ. എന്‍. യൂസഫ് ആരോപിച്ചു.

കുത്തുപറമ്ബ് എംഇഎസ് കോളേജിലെ അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളായ പതിനാല് പേര്‍ക്കാണ് ഹാജരില്ലാത്തതിനാല്‍ പരീക്ഷ എഴുതാന്‍ കഴിയാതിരുന്നത്. എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ മുന്‍ വൈസ് ചെയര്‍മാനുമായ ഷൈന്‍, നേതാക്കളായ വിശാല്‍ പ്രേം, മുഹമ്മദ് എന്നിവരും ഇതിലുള്‍പ്പെടുന്നു. ഇവരെ താത്ക്കാലികമായി പരീക്ഷയെഴുതാന്‍ പ്രിന്‍സിപ്പല്‍ അനുവദിച്ചെങ്കിലും സര്‍വകലാശാല പരീക്ഷാ ഫലം തടഞ്ഞുവെച്ചു. കഴിഞ്ഞ മാസം ഒന്‍പതിന് കോളേജിലെത്തിയ തന്നെ എസ്‌എഫ്‌ഐ- സിപിഐഎം പ്രവര്‍ത്തകര്‍ ചേര്‍ന്ന് തടഞ്ഞെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പ്രിന്‍സിപ്പല്‍ ആരോപിക്കുന്നു.

രണ്ട് വര്‍ഷം മുന്‍പാണ് കൂത്തുപറമ്ബ് എംഇഎസ് കോളേജിന്റെ പ്രിന്‍സിപ്പലായി പ്രൊഫ. എന്‍ യൂസഫ് ചാര്‍ജ് എടുക്കുന്നത്. തലശ്ശേരി ബ്രണ്ണന്‍ കോളേജിലും മൊകേരി ഗവണ്‍മെന്റ് കോളേജിലും പ്രിന്‍സിപ്പളായി സേവനമനുഷ്ഠിച്ച എന്‍.യൂസഫ്‌ഇടത് അധ്യാപക സംഘടനയായ എകെജിസിടിഎയുടെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ്. സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ ഗവര്‍ണര്‍ക്കും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ഇദ്ദേഹം.

അതേസമയം, ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നന്നും മാനേജ്‌മെന്റിന്റെ നിര്‍ദേശപ്രകാരം പ്രിന്‍സിപ്പല്‍ അവധിയില്‍ പ്രവേശിച്ചതാണെന്നുമാണ് എസ്‌എഫ്‌ഐയുടെ വാദം.

Post a Comment

0 Comments