ആ ജീവത്യാഗം വെറുതെയായില്ല; യജമാനനെ രക്ഷിച്ച് ‘ചിന്നു’ യാത്രയായി



ആ ജീവത്യാഗം വെറുതെയായില്ല; യജമാനനെ രക്ഷിച്ച് ‘ചിന്നു’ യാത്രയായി.

കടിയേൽക്കാതെ പാമ്പിനെ പിടിക്കാൻ ശീലിച്ചയാളാണ് രാജൻ. പക്ഷേ, തന്റെ ഓമന വളർത്തുനായ ‘ചിന്നു’വിനു കടിയേൽക്കുന്നതു തടയാൻ രാജനു കഴിഞ്ഞില്ല. തന്നെ കൊത്താനാഞ്ഞ് അണലി പാഞ്ഞെത്തുന്നതു കാണാതെ മുന്നോട്ടു നടന്ന രാജനെ രക്ഷിക്കാൻ ചാടിവീഴുകയായിരുന്നു ചിന്നു. പാമ്പുപിടിത്തക്കാരനായ യജമാനനു മുന്നിലിട്ട് അണലിയെ കടിച്ചുകുടയുന്നതിനിടെ മൂക്കിനു കടിയേറ്റാണ് ചിന്നുവിന്റെ അന്ത്യം.

ലാബ്രഡോർ ഇനത്തിൽപ്പെട്ട മൂന്നുവയസ്സുകാരി ചിന്നുവിനെയും കൂട്ടി രാവിലെ വീട്ടുപരിസരത്തു നടക്കാനിറങ്ങിയതായിരുന്നു പെരുമ്പിലാവ് കുട്ടൻകുളങ്ങര രാജൻ. മുൻപേ നടക്കുകയായിരുന്ന രാജന്റെ മുന്നിലേക്ക് അപ്രതീക്ഷിതമായി ചിന്നു കുരച്ചുകൊണ്ടു ചാടിവീണു. കാര്യമെന്തെന്നു മനസിലാകാതെ തരിച്ചുനിന്ന രാജൻ കണ്ടത് അണലിയുമായി മൽപ്പിടിത്തം നടത്തുന്ന ചിന്നുവിനെ. ഉടൻ തന്നെ രാജൻ അണലിയെ പിടികൂടിയെങ്കിലും ചിന്നുവിന്റെ മൂക്കിൽനിന്നു രക്തം പൊടിഞ്ഞു തുടങ്ങിയിരുന്നു.

വായിൽ നിന്നു നുരയും പതയും വരാനും തുടങ്ങി. ഉടനെ ഓട്ടോയിൽ കയറ്റി കുന്നംകുളം വെറ്ററിനറി ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർ ഇല്ലാതിരുന്നതിനാൽ ചികിത്സ ലഭിച്ചില്ല. തൃശൂർ വെറ്ററിനറി ആശുപത്രിയിൽ എത്തിച്ച് ആന്റിവെനം നൽകിയെങ്കിലും മണിക്കൂറുകൾക്കുള്ളിൽ ചത്തു. പിടികൂടിയ അണലിയെ രാജൻ തന്നെ കാട്ടിലെത്തിച്ചു തുറന്നുവിട്ടു.

Post a Comment

0 Comments