പഴയകാലത്തേക്ക് പോവാം? 'ടൈം മെഷീന്‍' നിര്‍മിക്കാന്‍ അറിയാമെന്ന് ശാസ്ത്രജ്ഞന്‍



പഴയകാലത്തേക്ക് പോവാം? 'ടൈം മെഷീന്‍' നിര്‍മിക്കാന്‍ അറിയാമെന്ന് ശാസ്ത്രജ്ഞന്‍

ശാസ്ത്രകൽപ്പിത കഥകളിലെ എക്കാലത്തേയും ചൂടേറിയ വിഷയമാണ്, പോയകാലത്തേക്ക് സഞ്ചരിച്ചെത്താനുള്ള ടൈം മെഷീൻ. അത് കഥയല്ലെന്നും, കഴിഞ്ഞകാലത്തേക്ക് സഞ്ചരിക്കാനുള്ള വിദ്യ തനിക്കറിയാമെന്നും അവകാശപ്പെട്ട് ഒരു നക്ഷത്രഭൗതിക ഗവേഷകൻ.

യു.എസിൽ കണക്ടിക്കറ്റ് സർവകലാശാലയിലെ ഫിസിക്സ് പ്രൊഫസർ റോൺ മാലെറ്റ് ആണ്, ടൈം മെഷീൻ നിർമിക്കാനുള്ള ശാസ്ത്രസമവാക്യം താൻ കണ്ടെത്തിയെന്നും, അതുപയോഗിച്ച് ടൈംമെഷീന്റെ ആദ്യമാതൃക സൃഷ്ടിച്ചതായും അവകാശപ്പെടുന്നത്. സിഎൻഎന്നിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എന്നാൽ, ഈ അവകാശവാദം അംഗീകരിക്കാൻ മറ്റ് ശാസ്ത്രജ്ഞർ തയ്യാറായിട്ടില്ല.

ആൽബർട്ട് ഐൻസ്റ്റൈൻ 1905 ൽ ആവിഷ്ക്കരിച്ച വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തവും (സ്പെഷ്യൽ തിയറി ഓഫ് റിലേറ്റിവിറ്റി), 1915 ൽ അവതരിപ്പിച്ച സാമാന്യ ആപേക്ഷികതാ സിദ്ധാന്തവും (ജനറൽ തിയറി ഓഫ് റിലേറ്റിവിറ്റി) ആണ് മാലെറ്റിന്റെ ഗവേഷണത്തിന്റെ അടിത്തറ.

ഒരു വസ്തുവിന്റെ വേഗം വർധിച്ചാൽ, സമയത്തിന്റെ മുന്നോട്ടുള്ള ഗതി പതുക്കെയാകുമെന്ന് പ്രഖ്യാപിച്ചത് വിശിഷ്ടആപേക്ഷികതാ സിദ്ധാന്തം ആണ്. ടൈം ഡയലേഷൻ (Time dilation) എന്നാണിതിന് പേര്. പ്രകാശവേഗത്തിനടുത്ത് സഞ്ചരിക്കുന്ന ബഹിരാകാശ പേടകത്തിലുള്ള ഒരാൾക്ക്, സമയം വളരെ പതുക്കെയേ മുന്നേറൂ. പേടകത്തിലെ ക്ലോക്കിൽ ഒരാഴ്ച കാണിക്കുന്ന സമയം കഴിഞ്ഞ്. ഭൂമിയിലെത്തുമ്പോൾ ഇവിടെ പത്തുവർഷം കഴിഞ്ഞിട്ടുണ്ടാകും!

സമയത്തിന്റെ മുന്നോട്ടുള്ള ഗതിയെ സ്വാധീനിക്കാൻ ഇതുവഴി കഴിഞ്ഞേക്കാം. എന്നാൽ, എങ്ങനെ സമയത്തിലൂടെ പിന്നിലേക്ക് പോകും. ഇതാണ് പ്രശ്നം. മാലറ്റിന്റെ അഭിപ്രായപ്രകാരം, ലേസറുകളുടെ സഹായത്തോടെ സമയത്തിലൂടെ പിന്നോട്ടുള്ള സഞ്ചാരം സാധ്യമാക്കാം. അതിന് ഈ ഗവേഷകൻ കൂട്ടുപിടിക്കുന്നത് ഐൻസ്റ്റൈന്റെ 1915 ലെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തെയാണ്.

സാമാന്യ ആപേക്ഷികത പ്രകാരം, ഭീമമായ തോതിൽ ദ്രവ്യമാനം (പിണ്ഡം) ഉള്ള വസ്തുക്കൾക്ക്, സ്പെസ്-ടൈമിനെ വക്രീകരിക്കാൻ കഴിയു. ഇതാണ്, ഗുരുത്വബലമായി അനുഭവപ്പെടുന്നത്. ഗുരുത്വബലം എത്ര ശക്തമാകുന്നോ, അതിനനുസരിച്ച് സമയം നീങ്ങുന്നത് മെല്ലെയാകും.

സ്പേസിനെ വക്രീകരിക്കാൻ കഴിയുമെങ്കിൽ, അതിനെ ചുറ്റിക്കെട്ടാനും (twisting) സാധ്യതയുണ്ട്-മാലറ്റ് പറയുന്നു. ഐൻസ്റ്റൈന്റെ സിദ്ധാന്തം അനുസരിച്ച്, നമ്മൾ സ്പേസ് എന്നു പറയുന്നതിനൊപ്പം സമയത്തെയും കോർത്തിട്ടിരിക്കുന്നു. അതുകൊണ്ടാണ് സ്പേസ്-ടൈം എന്ന് പറയുന്നത്. സ്പേസിനോട് നിങ്ങൾ എന്തു ചെയ്താലും അത് ടൈമിനും ബാധകമാണ്-അദ്ദേഹം വിവരിക്കുന്നു.

അതിനാൽ, സമയത്തെ ചുറ്റിവളച്ചെടുക്കാൻ (loop) സൈദ്ധാന്തികമായി സാധ്യമാണെന്നും, അതുവഴി സമയത്തിലൂടെ പിന്നോട്ട് പോകാൻ കഴിയുമെന്നും മാലറ്റ് കരുതുന്നു. ലേസറുപയോഗിച്ച് ഇതു സാധ്യമാക്കാനുള്ള ആദ്യമാതൃകയും അദ്ദേഹം സൃഷ്ടിച്ചു.

എന്നാൽ, ഈ രംഗത്തെ വിദഗ്ധർ മാലറ്റിന്റെ അവകാശവാദം അംഗീകരിക്കാൻ തയ്യാറല്ല. ഈ അവകാശവാദങ്ങൾ ഫലപ്രദമാവുമെന്ന് കരുതുന്നില്ലെന്ന് ജ്യോതി ശാസ്ത്രജ്ഞൻ പോൾ സട്ടർ പറഞ്ഞു. മാലറ്റിന്റെ സിദ്ധാന്തത്തിലും കണക്ക് കൂട്ടലുകളിലും കാര്യമായ പരിമിതികളുണ്ട്, അതിനാൽ ഇക്കാര്യത്തിൽ പ്രായോഗികമായ ഒരു ഉപകരണം അസാധ്യമാണെന്ന് സട്ടർ പറഞ്ഞു.

സൈദ്ധാന്തിക തലത്തിലാണ് ഇക്കാര്യമെന്ന് മാലറ്റ് സമ്മതിക്കുന്നു. പരിമിതികൾ ഏറെയുണ്ട്. ഒരുപക്ഷെ, ടൈം മെഷീൻ ഉപയോഗിച്ച് നിങ്ങൾക്ക് ഒരു സന്ദേശം ഭൂതകാലത്തേക്ക് അയക്കാൻ സാധിച്ചേക്കാം. അല്ലാതെ, കുഞ്ഞായിരിക്കുമ്പോൾ തന്നെ അഡോൾഫ് ഹിറ്റ്ലറെ കൊല്ലാൻ ആളെ വിടാനൊന്നും പറ്റില്ല!

Post a Comment

0 Comments