മിശ്രവിവാഹിതര്‍ക്കായി സേഫ് ഹോമുകള്‍ മാര്‍ച്ചില്‍



പത്തനംതിട്ട: സാമൂഹികപ്രശ്നങ്ങള്‍ നേരിടുന്ന മിശ്രവിവാഹദമ്ബതിമാര്‍ക്ക് താമസിക്കുന്നതിനായി സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം തുടങ്ങുന്ന സേഫ് ഹോമുകളുടെ പ്രവര്‍ത്തനം എല്ലാ ജില്ലയിലും മാര്‍ച്ചില്‍ ആരംഭിക്കും.

എന്‍.ജി.ഒ.കളുടെ സഹായത്തോടെയാണ് ഇവ തുടങ്ങുക. മിശ്രവിവാഹം കഴിച്ചതിന്റെപേരില്‍ വീട്ടില്‍നിന്നോ സമൂഹത്തില്‍നിന്നോ അവഗണനയും പരിഹാസവും നേരിടേണ്ടിവരുന്നവര്‍ക്ക് സംരക്ഷണമൊരുക്കുകയാണ് ലക്ഷ്യം.

നടത്തിപ്പ് എന്‍.ജി.ഒ.കള്‍ക്കാണെങ്കിലും സര്‍ക്കാര്‍ ധനസഹായം ഉപയോഗിച്ചായിരിക്കും ഹോമുകളുടെ പ്രവര്‍ത്തനം. ഒരു ഹോമില്‍ പത്ത് ദമ്ബതിമാരെയാണ് താമസിപ്പിക്കുക. ഇവര്‍ക്ക് ഒരുവര്‍ഷം ഹോമില്‍ താമസിക്കാം. ഇക്കാലയളവില്‍ ഭക്ഷണം ഉള്‍െപ്പടെയുള്ള എല്ലാ അടിസ്ഥാനസൗകര്യങ്ങളും ലഭിക്കും. മിശ്രവിവാഹിതരായ ദമ്ബതിമാരുടെ ജീവിതസാഹചര്യവും വീട്ടിലെ സാഹചര്യവും സാമൂഹ്യനീതി വകുപ്പ് ചുമതലപ്പെടുത്തുന്ന കമ്മിറ്റി പരിശോധിച്ചശേഷമാണ് ഹോമില്‍ താമസിക്കാനനുവദിക്കുക.

തൊഴില്‍പരിശീലനം ഒരുക്കും

ദമ്ബതിമാരെ സ്വയംപ്രാപ്തരാക്കുകയെന്നതാണ് ഹോമിന്റെ പ്രധാന ലക്ഷ്യം. ജീവിതസാഹചര്യം വളരെ മോശമായ ദമ്ബതിമാര്‍ക്ക് അവരുടെ വിദ്യാഭ്യാസയോഗ്യതയ്ക്കനുസരിച്ചുള്ള തൊഴില്‍പരിശീലനം ഹോമുകളില്‍ നല്‍കും. തുടര്‍ന്ന് സാമൂഹികനീതി വകുപ്പ് മിശ്രവിവാഹിതര്‍ക്കായി നല്‍കുന്ന 30,000 രൂപ ധനസഹായപദ്ധതിയിലേക്ക് അപേക്ഷിക്കാനും സാധിക്കും.

നേരിടുന്നത് സാമുദായിക അവഗണന

മിശ്രവിവാഹത്തിന്റെപേരില്‍ സ്വന്തം സമുദായത്തില്‍നിന്നും ബന്ധുക്കളില്‍നിന്നുമുള്ള അവഗണനയും അകല്‍ച്ചയുമാണ് മിശ്രവിവാഹിതര്‍ക്ക് കൂടുതലും നേരിടേണ്ടിവരുന്നത്. ഒറ്റപ്പെട്ട അവസ്ഥയിലാണ് ഇവര്‍ പലപ്പോഴും കഴിയേണ്ടിവരുന്നത്. സാമ്ബത്തികവും വിദ്യാഭ്യാസപരവുമായി പിന്നാക്കംനില്‍ക്കുന്ന മിശ്രവിവാഹിതരുടെ ജീവിതമാണ് ഏറെ ദുഷ്കരം. സംസ്ഥാനത്തെ മിശ്രവിവാഹിതരുടെ സംഖ്യ നിര്‍ണയിക്കാനും അവര്‍ നേരിടുന്ന സാമൂഹികപ്രശ്നങ്ങള്‍ പഠിക്കാനും കമ്മിഷനെ നിയോഗിക്കണമെന്ന് ഇൗ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ കാലങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെ സംസ്ഥാനസര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല.

Post a Comment

0 Comments