നിര്‍ഭയ വിധി നടപ്പാക്കും, പ്രതിഫലം മകളുടെ വിവാഹത്തിന്: ആരാച്ചാര്‍ പവന്‍ പറയുന്നു



നിര്‍ഭയ വിധി നടപ്പാക്കും, പ്രതിഫലം മകളുടെ വിവാഹത്തിന്: ആരാച്ചാര്‍ പവന്‍ പറയുന്നു

ജനുവരി 22 ന് നിർഭയ കേസിലെ നാല് പ്രതികളെ തൂക്കിലേറ്റുകയാണ്. നിർഭയ എന്ന ഇരുപത്തിമൂന്നുകാരിയുടെ നേർക്കുണ്ടായ നിഷ്ഠൂരവും നിർദയവുമായ അതിക്രമത്തിൽ വേദനിച്ച ഓരോരുത്തരും ഉറ്റുനോക്കുന്നത് നാല് പ്രതികളേയും തൂക്കിക്കൊല്ലാനുള്ള നിയോഗം ലഭിച്ചിരിക്കുന്നത് ആരാച്ചാരായ സിന്ധി റാമെന്ന പവൻ ജല്ലാദിലാണ്. നിർഭയ അനുഭവിച്ച ശാരീരിക-മാനസിക പീഡനത്തിൽ ദുഃഖിച്ച എല്ലാവരും പലവട്ടം പ്രതികളെ മനസിൽ തൂക്കിക്കൊന്നിട്ടുണ്ടാവണം.

ഇന്ത്യയിലെ 130 കോടി ജനങ്ങൾക്ക് ഇതിലൂടെ മനഃശാന്തി ലഭിക്കും. നിർഭയയോട് പ്രതികൾ ചെയ്തത് അതിക്രൂരതയാണ്. ഇവരെ തൂക്കിക്കൊല്ലുക തന്നെ വേണം. വധശിക്ഷ നടപ്പാക്കുന്നത് കൊണ്ട് രാജ്യത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുമോയെന്ന ചോദ്യത്തോട് പവൻ പ്രതികരിച്ചത് ഇങ്ങനെ. ഉത്തർപ്രദേശിൽ ഇപ്പോഴുള്ള രണ്ട് ആരാച്ചാർമാരിൽ ഒരാളാണ് അമ്പത്തിരണ്ടുകാരനായ പവൻ. പവൻ തന്നെയാണ് പ്രതികളെ തൂക്കിലേറ്റാൻ താൻ തയ്യാറാണെന്ന് അധികൃതരെ അറിയിച്ചത്.

പ്രതികളെ തൂക്കിക്കൊല്ലുന്നതിൽ നിന്ന് ലഭിക്കുന്ന പ്രതിഫലം ഇളയമകളുടെ വിവാഹച്ചെലവിന് ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. നാല് പേരെ തൂക്കിക്കൊല്ലുന്നതിലൂടെ ഒരു ലക്ഷം രൂപയാണ് ലഭിക്കുക(ഔദ്യോഗിക സ്ഥിരീകരണമില്ല). മകളുടെ വിവാഹത്തിന് മാത്രമല്ല തന്റെ സാമ്പത്തിക ബാധ്യതകൾ തീർക്കാനും ആ തുക ഉപയോഗിക്കാമെന്നാണ് പവന്റെ കണക്കുകൂട്ടൽ. അഞ്ച് പെൺമക്കളുൾപ്പെടെ ഏഴ് മക്കളാണ് പവന്. നാല് പെൺകുട്ടികളുടെ വിവാഹം നേരത്തെ നടത്തി. ഇളയമകളുടെ വിവാഹം കൂടി കഴിഞ്ഞാൽ തന്റെ ഉത്തരവാദിത്തം അവസാനിക്കുമെന്ന് പവൻ പറയുന്നു.

വധശിക്ഷ നടപ്പാക്കുന്നതിന് രണ്ടു മൂന്ന് ദിവസം മുമ്പെ തിഹാർ ജയിലിലെത്താനാണ് പവന്റെ തീരുമാനം. ശേഷം ശിക്ഷ നടപ്പിലാക്കുന്നതിനുള്ള സംവിധാനങ്ങൾ പരിശോധിക്കും. പിന്നീട് പ്രതികളുടെ ഭാരപരിശോധന നടത്തും. പിന്നീട് ചാക്കുകളിൽ അതേ ഭാരത്തിൽ മണൽ നിറച്ച് പരീക്ഷണം നടത്തും. സംവിധാനങ്ങളിൽ പാകപ്പിഴ ഉണ്ടാവാതിരിക്കാനാണത്. പവൻ വിശദീകരിക്കുന്നു. ആരാച്ചാർമാർ മദ്യപാനികളാണെന്ന പൊതുജനങ്ങളുടെ ധാരണ തെറ്റാണെന്നും പവൻ പറയുന്നു. തൂക്കാൻ പോകുന്നതിന് മുമ്പ് മദ്യപിക്കുമെന്നുള്ള ആരോപണവും പവൻ നിഷേധിക്കുന്നു. തങ്ങളുടെ തൊഴിലാണിതെന്നും അതിനെ മാനിക്കുന്നുവെന്നും പവൻ വ്യക്തമാക്കി.

മീററ്റിലെ ലോഹ്യ നഗറിലാണ് പവൻ താമസിക്കുന്നത്. പവന് അയ്യായിരം രൂപ സംസ്ഥാന സർക്കാർ മാസശമ്പളം നൽകുന്നുണ്ട്. ശമ്പളം 5000 ൽ നിന്ന് 15000 ലേക്ക് വർധിപ്പിച്ച് ലഭിക്കുന്നതിനായി പവൻ ഓഫീസുകൾ കയറിയിറങ്ങാൻ തുടങ്ങിയിട്ട് കാലം കുറെയായി. ആരാച്ചാർമാരുടെ കുടുംബത്തിലെ മൂന്നാം തലമുറക്കാരനാണ് പവൻ. പവന്റെ പിതാവ് മമ്മു സിങ്ങും മുത്തച്ഛൻ കല്ലു ജല്ലാദുമാണ് മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഘാതകരായ സത് വന്ത് സിങ്, കേഹാർ സിങ് എന്നിവരുൾപ്പെടെ നിരവധി പ്രതികളെ തൂക്കിലേറ്റിയിട്ടുണ്ട്.

ഔദ്യോഗിക ഉത്തരവ് ലഭിച്ചിട്ടില്ലെങ്കിലും പവനോട് എല്ലാ ദിവസവും മീററ്റ് ജയിലിൽ എത്തണമെന്ന് ജയിൽ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. നിത്യേനയുള്ള വൈദ്യപരിശോധനയ്ക്കായാണ് ഇത്. ഉത്തർപ്രദേശിൽ നിന്നാണ് നിർഭയകേസിലെ പ്രതികളെ തൂക്കിലേറ്റുന്നതിനുള്ള ആരാച്ചാരെന്ന അറിയിപ്പ് ലഭിച്ചയുടനെ തന്നെ സംസ്ഥാനത്തെ രണ്ട് ആരാച്ചാർമാരിൽ നിന്ന് പവനെ അയയ്ക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് മീററ്റ് ജയിൽ സൂപ്രണ്ട് ബി ഡി സിങ് വ്യക്തമാക്കി. തിഹാർ ജയിലിൽ 22 ന് രാവിലെ ഏഴുമണിക്കാണ് മുകേഷ് സിങ്, വിനയ് ശർമ, പവൻ ഗുപ്ത, അക്ഷയ് സിങ് എന്നീ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നത്.

Post a Comment

0 Comments