കണ്ണൂരില്‍ ചൈനയില്‍നിന്നെത്തിയ 96 പേര്‍ നിരീക്ഷണത്തില്‍



കണ്ണൂര്‍: ചൈനയിലെ വുഹാനില്‍നിന്നുള്‍പ്പെടെ ജില്ലയിലെത്തിയ 96 പേര്‍ നിരീക്ഷണത്തില്‍. ചൈനയില്‍നിന്നുവന്നവര്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങാതെ 28 ദിവസം കര്‍ശനനിരീക്ഷണത്തിലാണ്. എന്നാല്‍, ഇതുവരെ ആര്‍ക്കും ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പ്രോഗ്രാം ഓഫീസര്‍മാരുടെ യോഗം വിളിച്ചു. കേരളത്തില്‍ കൊറോണ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പ്രതിരോധത്തിനായി എല്ലാ മുന്നൊരുക്കങ്ങളും നടത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.നാരായണ നായ്ക്ക്‌ പറഞ്ഞു.

പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ ജില്ലാ ആസ്പത്രി, തലശ്ശേരി ജനറല്‍ ആസ്പത്രി എന്നിവിടങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുക്കി. ജില്ലാ മെഡിക്കല്‍ ഓഫീസിലും സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളിലും റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍.ആര്‍.ടി.) രൂപവത്കരിച്ചു.

ഫോണ്‍ നമ്ബറുകള്‍

ചൈനയില്‍നിന്ന് നാട്ടിലെത്തിയവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലെ ജില്ലാ കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടണം. ഫോണ്‍: 0497 2700194.

കൊറോണ വൈറസ്ബാധയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ആരോഗ്യവകുപ്പിന്റെ ദിശ ഹെല്‍പ്പ്‌ലൈനുമായി ബന്ധപ്പെടാം. ഫോണ്‍: 1056, അല്ലെങ്കില്‍ 0471 2552056.

ഒരാള്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍

പരിയാരം: ചൈനാസന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ ഒരാളെ കൊറോണ വൈറസ് ബാധയെന്ന സംശയത്തില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് ഇദ്ദേഹത്തെ ആസ്പത്രിയിലെത്തിച്ചത്. കഴിഞ്ഞദിവസം ചൈനയില്‍നിന്നെത്തിയ ഇദ്ദേഹത്തിന് തൊണ്ടവേദന, ചുമ, പനി തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്നാണ് മെഡിക്കല്‍ കോളേജിലെത്തിച്ചത്. പ്രത്യേക സൗകര്യങ്ങളോടെ തയ്യാറാക്കിയ വാര്‍ഡിലാണ് ഇദ്ദേഹത്തെ പാര്‍പ്പിച്ചിരിക്കുന്നത്. നിരീക്ഷണത്തിനായാണ് ഇദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ആശങ്കകള്‍ക്കിടയില്ലെന്നും ആര്‍.എം.ഒ. ഡോ. എം.സരിന്‍ പറഞ്ഞു.

Post a Comment

0 Comments