മലപ്പുറം: പ്രോക്‌സി വോട്ട് എന്ന പ്രവാസികളുടെ കാലങ്ങളായുള്ള ആവശ്യം സംസ്ഥാന സര്‍ക്കാറും അവഗണിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ നാട്ടിലെത്താതെ ത്തന്നെ അടുത്തബന്ധുക്കള്‍വഴി പ്രവാസികള്‍ക്ക് വോട്ടുചെയ്യാന്‍ അവസരമൊരുക്കുന്നത് (പ്രോക്‌സി വോട്ട്) സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ സര്‍ക്കാറിന് നിര്‍ദേശം സമര്‍പ്പിച്ചിരുന്നു. 2019 ജൂണ്‍ ഒന്നിന് തദ്ദേശ സ്വയംഭരണ വകുപ്പിനാണ് റിപ്പോര്‍ട്ട് കൈമാറിയത്.
പോളിങ് സ്റ്റേഷനുകളില്‍ നേരിട്ടെത്തി വോട്ട്ചെയ്യണമെന്ന കേരള പഞ്ചായത്ത് രാജ് ആക്ടില്‍ ഭേദഗതിവരുത്തി പ്രോക്‌സിവോട്ട് അനുവദിക്കാമെന്നായിരുന്നു നിര്‍ദേശം. പ്രവാസികള്‍ക്ക് വിദേശത്ത് നിന്നുതന്നെ വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ ഇപ്പോള്‍ അവസരമുണ്ട്. അതിനൊപ്പം തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അധികാരപത്രം കൊടുത്ത് അടുത്തബന്ധുവിനെ വോട്ടുചെയ്യാന്‍ ചുമതലപ്പെടുത്താമെന്നായിരുന്നു നിര്‍ദേശം.
പ്രവാസികളില്‍നിന്നുള്ള നിരന്തര ആവശ്യം പരിഗണിച്ചും പ്രതിരോധ മേഖലയിലുള്ളവര്‍ക്ക് ദേശീയതലത്തില്‍ പ്രോക്‌സിവോട്ട് അനുവദിച്ചതിന്റെ ചുവടുപിടിച്ചുമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സര്‍ക്കാറിന് നിര്‍ദേശം സമര്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്തീരാജ് ആക്ടില്‍ ഭേദഗതിവരുത്തി നിയമസഭ പാസാക്കിയിരുന്നെങ്കില്‍ ഈവര്‍ഷം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രോക്‌സി വോട്ട് യാഥാര്‍ത്ഥ്യമാകുമായിരുന്നു. എന്നാല്‍, എട്ടുമാസം സമയം കിട്ടിയിട്ടും നടപടിയുണ്ടായില്ല.
ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ പ്രോക്‌സി വോട്ട് അനുവദിക്കുന്നതിലുള്ള നിയമപ്രശ്നങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇനിയും തീര്‍പ്പാക്കിയിട്ടില്ല. അതിനിടെ തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രോക്‌സി വോട്ട് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി മാതൃകയാകാനുള്ള അവസരമാണ് കേരളം പാഴാക്കിയത്. പ്രോക്‌സി വോട്ട് സംബന്ധിച്ച നിര്‍ദേശം തന്റെ മുന്നിലെത്തിയിട്ടില്ലെന്നും ഇക്കാര്യം പരിശോധിക്കുമെന്നും തദ്ദേശമന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. പ്രവാസികള്‍ 22.72 ലക്ഷം; വോട്ടര്‍പട്ടികയില്‍ 457 മാത്രം
സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ റിപ്പോര്‍ട്ട് പ്രകാരം 22.71 ലക്ഷം പ്രവാസി മലയാളികളുണ്ട്. ഇതില്‍ വളരെ കുറച്ചുപേര്‍ മാത്രമാണ് വോട്ടര്‍പട്ടിയില്‍ ഇടംനേടുന്നത്. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് തദ്ദേശ തിരഞ്ഞെടുപ്പിലാണ് പ്രവാസി വോട്ടര്‍മാര്‍ കുറവ്. 2015- ലെ തദ്ദേശ തിരഞ്ഞെടുപ്പിനായി 457 പ്രവാസികള്‍ മാത്രമാണ് രജിസ്റ്റര്‍ചെയ്തത്. ഇത്തവണ വോട്ടുചെയ്യണമെങ്കില്‍ വീണ്ടും പേരുചേര്‍ത്ത് നേരിട്ട് ബൂത്തിലെത്തണം.
0 Comments