സുഹൃത്തിന്റെ നിയമനത്തിനായി 'അമിത് ഷാ' ആയി; വ്യോമസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ



സുഹൃത്തിന്റെ നിയമനത്തിനായി 'അമിത് ഷാ' ആയി; വ്യോമസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ


സുഹൃത്തിന്റെ നിയമനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആയി ‘ആൾമാറാട്ടം’ നടത്തി തട്ടിപ്പിനു ശ്രമിച്ച വ്യോമസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. വ്യോമസേനാ വിങ് കമാൻഡർ കുല്‍ദീപ് ബഗേലയാണ് അമിത് ഷായാണെന്നു പറഞ്ഞ് മധ്യപ്രദേശ് ഗവര്‍ണർ ലാൽജി ഠണ്ഡനെ ഫോണിൽ വിളിച്ചത്. സുഹൃത്തിന് ആരോഗ്യ സർവകലാശാലയിലെ വൈസ് ചാന്‍സലറായി നിയമനം നേടിയെടുക്കുകയായിരുന്നു ലക്ഷ്യം. മധ്യപ്രദേശ് സ്പെഷൽ ടാസ്ക് ഫോഴ്സാണ് മുതിർന്ന വ്യോമസേനാ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്.

നിലവിൽ വ്യോമസേനയുടെ ഡൽഹിയിലെ പ്രധാന കേന്ദ്രത്തിലാണ് ഇയാൾ ജോലി ചെയ്യുന്നത്. കുല്‍ദീപ് ബഗേലയോടൊപ്പം ദന്ത ഡോക്ടറായ സുഹൃത്ത് ചന്ദ്രേഷ് കുമാർ ശുക്ലയെയും അന്വേഷണ സംഘം പിടികൂടി. അമിത് ഷായുടെ പിഎ ആണെന്നായിരുന്നു ഫോൺ സംഭാഷണത്തിൽ ശുക്ല പറഞ്ഞത്. ജബൽപൂർ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന മധ്യപ്രദേശ് മെഡിക്കല്‍ സയൻസ് സർവകലാശാലയുടെ വിസിയായി ശുക്ലയുടെ പേരാണ് ബഗേല ഗവർണറോടു ശുപാർശ ചെയ്തതെന്ന് എസ്ടിഎഫ് അഡിഷനൽ ഡയറക്ടർ ജനറൽ അശോക് അവാസ്തി പറഞ്ഞു.

വിസി നിയമനത്തിനായി ഗവർണറെ വിളിച്ച് ആള്‍മാറാട്ടം നടത്തിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 35–40 വയസ്സിന് ഇടയിൽ പ്രായമുള്ളവരാണു പ്രതികളെന്നും അശോക് വാസ്തി പറഞ്ഞു. വിസി സ്ഥാനത്തേക്കു ശുക്ല നേരത്തേ തന്നെ അപേക്ഷ നൽകിയിരുന്നു. ഇതിന്റെ നടപടികളും പുരോഗമിച്ചു വരികയാണ്. മുതിർന്ന നേതാക്കൾ‌ ശുപാർശ ചെയ്യുക വഴി വിസി സ്ഥാനം ലഭിക്കുമെന്നു കാണിച്ച് ശുക്ല വ്യോമസേനാ ഉദ്യോഗസ്ഥനെ സമീപിക്കുകയായിരുന്നു. തുടർന്ന് ഇരുവരും ഗൂ‍ഢാലോചന നടത്തി മഹാരാഷ്ട്ര ഗവർണറെ വിളിച്ചതായും അന്വേഷണ സംഘം വ്യക്തമാക്കി.

Post a Comment

0 Comments