സര്‍ക്കാര്‍ ഏജന്‍സിയായ അനര്‍ട്ടിന്റെ സൗരോര്‍ജ പ്ലാന്റുകളോട് ജനങ്ങള്‍ക്ക് പ്രിയമേറുന്നു



സര്‍ക്കാര്‍ ഏജന്‍സിയായ അനര്‍ട്ടിന്റെ സൗരോര്‍ജ പ്ലാന്റുകളോട് ജനങ്ങള്‍ക്ക് പ്രിയമേറുന്നു

തലശ്ശേരി: സര്‍ക്കാര്‍ ഏജന്‍സിയായ അനര്‍ട്ടിന്റെ സൗരോര്‍ജ പ്ലാന്റുകളോട് ജനങ്ങള്‍ക്ക് പ്രിയമേറുന്നു. കഴിഞ്ഞവര്‍ഷം ഏപ്രില്‍ മുതല്‍ ഇതുവരെ 79 പേര്‍ സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിച്ചു. ഇത് മുന്‍ സാമ്ബത്തികവര്‍ഷത്തേക്കാള്‍ കൂടുതലാണ്. വീടുകളിലെ ആവശ്യത്തിന് ഉപയോഗിക്കാനാണ് 79 പേരും സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിച്ചത്. സൗരോര്‍ജ പാനലില്‍നിന്ന് നേരിട്ട് ഉപയോഗിക്കാവുന്ന ഓഫ് ഗ്രിഡ് സംവിധാനത്തോടാണ് എല്ലാവര്‍ക്കും താത്പര്യം. കെ.എസ്.ഇ.ബി.യുടെ വൈദ്യുതി ഉപഭോഗം കുറച്ച്‌ കനത്ത ബില്ല് ഒഴിവാക്കാനാണ് ഓഫ് ഗ്രിഡ് സംവിധാനം തിരഞ്ഞെടുക്കുന്നത്.

സൗരോര്‍ജ പ്ലാന്റുകള്‍ കഴിഞ്ഞാല്‍ വാട്ടര്‍ ഹീറ്ററിനോടാണ് ജനങ്ങള്‍ക്ക് താത്പര്യം. സൗരോര്‍ജ വിളക്കുകള്‍, കുക്കര്‍, പമ്ബുകള്‍, കൊണ്ടുനടക്കാവുന്ന ജൈവവാതക പ്ലാന്റ് തുടങ്ങിയവയും അനര്‍ട്ടിന്റേതായുണ്ട്. അനര്‍ട്ടിന്റെ വാണിജ്യ വെബ്‌സൈറ്റായ www.buymysun.com വഴി സൗരോര്‍ജ ഉത്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള സൗകര്യമുണ്ട്. ഓണ്‍ലൈന്‍ വഴിയായതിനാല്‍ വീട്ടിലിരുന്ന് ബുക്ക് ചെയ്യാം. ഇതിന് കേന്ദ്രസര്‍ക്കാരിന്റെ 30 ശതമാനം സബ്‌സിഡി ലഭിക്കും.

ജില്ലയിലെ പ്രളയബാധിത മേഖലയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ അനര്‍ട്ടിന്റെ തനതുഫണ്ട് ഉപയോഗിച്ച്‌ സൗരോര്‍ജ പ്ലാന്റുകളും സൗരോര്‍ജ വാട്ടര്‍ ഹീറ്ററുകളും സ്ഥാപിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. കണ്ണൂര്‍ ടൗണ്‍ എച്ച്‌.എസ്.എസിലും മുഴക്കുന്ന് ജി.യു.പി.എസിലും അഞ്ച് കിലോവാട്ട് ഉത്പാദനശേഷിയുള്ള സൗരോര്‍ജ പ്ലാന്റുകളും വാട്ടര്‍ ഹീറ്ററുകളുമാണ് സ്ഥാപിക്കുക. എം.എല്‍.എ. ഫണ്ട് ഉപയോഗിച്ച്‌ കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭറിപ്പോര്‍ട്ടുകളും സമര്‍പ്പിച്ചിട്ടുണ്ട്.

പിണറായി പഞ്ചായത്തിലെ 13 സ്ഥാപനങ്ങളിലായി ആകെ 66 കിലോവാട്ട് സ്ഥാപിതശേഷിയുള്ള സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ 16 അങ്കണവാടികളിലും ഒരു ആരോഗ്യകേന്ദ്രത്തിലുമായി ഒരു കിലോവാട്ട് വീതം ശേഷിയുള്ള 17 കിലോവാട്ട് സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിച്ചു.

Post a Comment

0 Comments