അപകടത്തില്‍ മകനെ നഷ്ടപ്പെട്ടു, പ്രസവം നിര്‍ത്തിയ ലളിതയ്ക്ക് 54ാം വയസ്സില്‍ കൂട്ടായി ഇരട്ടക്കുട്ടികള്‍.
തൃശ്ശൂര്‍: 'ഞങ്ങളുടെ ഗോപിക്കുട്ടനുപകരം ദൈവംതന്ന നിധികളാണ് ഇവര്‍. മൂത്തയാളെ ഞങ്ങള്‍ ഗോപിക്കുട്ടന്‍ എന്നുതന്നെ വിളിക്കും. ഇളയവനെ ഗോകുല്‍കുട്ടനെന്നും'. കൃഷ്ണമണിപോലെ കാത്ത ഏകമകന്‍ ബൈക്കപകടത്തില്‍ മരിച്ചപ്പോള്‍ തളര്‍ന്നുപോയ ലളിതയും മണിയും ഈ ഇരട്ടക്കുട്ടികളുടെ പാല്‍പുഞ്ചിരിയില്‍ വേദന മറക്കുകയാണ്. 54-ാം വയസ്സില്‍, ഐ.വി.എഫ്.(ഇന്‍ വിട്രോഫെര്‍ട്ടിലൈസേഷന്‍) എന്ന കൃത്രിമഗര്‍ഭധാരണത്തിലൂടെയാണ് ലളിത രണ്ട് ആണ്‍കുട്ടികളുടെ അമ്മയായത്.
2017 മേയ് 17-നാണ് ബൈക്കില്‍ ലോറിയിടിച്ച് ഗോപിക്കുട്ടന്‍ മരിച്ചത്. ജീവിതം നിശ്ചലമായെന്നു തോന്നിത്തുടങ്ങിയതോടെയാണ് ജീവിതസായന്തനത്തിലും ഒരുകുഞ്ഞ് വേണമെന്ന ആഗ്രഹം ഈ ദമ്ബതിമാര്‍ക്കുണ്ടായത്. 35-ാം വയസ്സില്‍ പ്രസവം നിര്‍ത്തിയ ലളിതയുടെ മുന്നിലുള്ള പോംവഴി കൃത്രിമഗര്‍ഭധാരണം മാത്രമായിരുന്നു. ഓട്ടോഡ്രൈവറായ മണിക്ക് അതിനുള്ള ചെലവ് താങ്ങാനാവുമായിരുന്നില്ല. എങ്കിലും പ്രതീക്ഷ കൈവിടാതെ മണി ഗൈനക്കോളജിസ്റ്റ് ഡോ. കൃഷ്ണന്‍കുട്ടിയെ കാണാന്‍േപായി.
കഷ്ടപ്പാടും ആഗ്രഹവും ഡോക്ടറോട് പറഞ്ഞു. മരുന്നിന്റെ തുകമാത്രം നല്‍കിയാല്‍മതി ചികിത്സ സൗജന്യമായി ചെയ്തുതരാമെന്ന ഡോക്ടറുടെ വാക്കുകള്‍ അവര്‍ക്ക് ആശ്വാസമായി. ഏഴുമാസത്തെ ചികിത്സ വിജയംകണ്ടു. കൃത്രിമ ഗര്‍ഭധാരണത്തിലൂടെ മൂന്നുകുഞ്ഞുങ്ങള്‍. പക്ഷേ, വിധി പിന്നെയും അവരെ പരീക്ഷിച്ചു.
ഒരു കുഞ്ഞിനെ ഗര്‍ഭകാലത്ത് നഷ്ടമായി. നവംബര്‍ രണ്ടിന് തുടര്‍ചികിത്സയ്ക്കായി ലളിതയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ഡോ. റീന ഷാജിയുടെ നേതൃത്വത്തിലായിരുന്നു പിന്നീട് ചികിത്സ. 34-ാം ആഴ്ചയില്‍ ഡോ. മേഘ ജയപ്രകാശിന്റെ നേതൃത്വത്തില്‍ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്. ജനിച്ചപ്പോള്‍ തൂക്കക്കുറവുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അവര്‍ പൂര്‍ണ ആരോഗ്യവാന്മാരാണ്.
തലോരിലെ കൊച്ചുവീട് വൃത്തിയാക്കിയിട്ടുവേണം മക്കളുമായി അവിടേക്കുകയറാനെന്ന് മണി പറയുന്നു. അതുവരെ അമ്മയും മക്കളും ഒളരിയിലുള്ള നഴ്സിങ് ഹോമിലാണു താമസം. 'ഇവര്‍ക്ക് ഇവിടത്തെ ഡോക്ടര്‍മാര്‍ പേരിടാമെന്ന് പറഞ്ഞിട്ടുണ്ട്, ഞങ്ങളിട്ടത് വിളിപ്പേരായി കിടക്കട്ടെ. എന്റെ ഒാട്ടോയുടെ േപരും ഇനി ഇതുതന്നെ'- മണി ചിരിയോടെ പറയുന്നു.
0 Comments