202 പൊലീസ് ജീപ്പുകള്‍ വാങ്ങിയതിലും വന്‍ അഴിമതിയാരോപണം
തിരുവനന്തപുരം: പൊലീസ് മാസങ്ങള്‍ക്കുമുമ്ബ് വാഹനങ്ങള്‍ വാങ്ങിയതും സംശയനിഴലില്‍. 2020 ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് ബി.എസ് 4 എന്ജിന് സീരിസില്‍പെട്ട വാഹനങ്ങള്‍ വില്ക്കാന് പാടില്ലെന്ന സുപ്രീംകോടതി നിര്‍ദേശമുള്ളപ്പോഴാണ് കഴിഞ്ഞ ജനുവരിയില്‍ ബി.എസ് 4 എന്ജിനില്പെട്ട 202 പുതിയ ബൊലേറൊ എസ്.യു.വികള്‍ വാങ്ങിക്കൂട്ടിയത്.
ഒരു പൊലീസ് സ്റ്റേഷനില്‍ രണ്ട് വാഹനങ്ങള്‍ വേണമെന്ന തീരുമാനത്തിെന്റ ഭാഗമായിരുന്നു നടപടി. ഡി.ജി.പിയുടെയും പൊലീസ് ആസ്ഥാനത്തെ ഉന്നതെന്റയും നേതൃത്വത്തില്‍ നടന്ന ഇടപാടിനെ പൊലീസിലെ തന്നെ ഒരു വിഭാഗം എതിര്‍ത്തിരുന്നു. ഇതിനെ മറികടന്നാണ് നവീകരണമെന്ന പേരില്‍ അഭ്യന്തരവകുപ്പിനെപ്പോലും തെറ്റിദ്ധരിപ്പിച്ച് 16.05 കോടിയുടെ ഇടപാട് നടത്തിയത്.
രാജ്യത്ത് വായുമലിനീകരണം അനിയന്ത്രിതമായ ഘട്ടത്തിലാണ് 2016ല്‍ കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി ഭാരത് സ്റ്റേജ് (ബി.എസ്) നാല് ഇനത്തില്‍പെട്ട വാഹനങ്ങള്‍ 2020 ഏപ്രിലിനുശേഷം വില്പന നടത്തരുതെന്ന് വാഹനനിര്മാണക്കമ്ബനികളോട് നിര്‍ദേശിച്ചത്.
ലോകത്ത് ഏറ്റവുമധികം കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉല്പാദിപ്പിക്കുന്ന രാജ്യങ്ങളിലെന്നാണ് ഇന്ത്യ. യൂറോപ്പില്‍ പുറത്തിറങ്ങുന്ന വാഹനങ്ങളെ അപേക്ഷിച്ച് നാലര മടങ്ങധികം ഇന്ത്യന്‍ കാറുകള്‍ കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്ന നൈട്രജന്‍ ഓക്സൈഡ് പുറന്തള്ളുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവ പരിഗണിച്ചാണ് ബി.എസ് നാലില്‍നിന്ന് ബി.എസ് അഞ്ച് നിലവാരത്തെ മറികടന്ന് നാലുവര്‍ഷംകൊണ്ട് ബി.എസ് ആറിലേക്ക് എത്തണമെന്ന് കേന്ദ്രം നിര്‍ദേശിച്ചത്.
ബി.എസ് നാല് നിലവാരത്തില്‍ പുറത്തിറക്കിയ വാഹനങ്ങള്‍ വില്ക്കാന് കഴിയാതെ കോടികളുടെ നഷ്ടം സംഭവിക്കുമെന്നിരിക്കെയാണ് ഉത്തരവ് നടപ്പാക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ 202 ജീപ്പുകള്‍ പൊലീസ് സേനയുടെ തലയില്‍ കെട്ടിയേല്പിച്ചത്.
ഈ മാസം 11നാണ് വാഹനങ്ങളുടെ താക്കോല്‍ദാനം മുഖ്യമന്ത്രി പിണറായി നിര്‍വഹിച്ചത്. ഇടപാടില്‍ കമീഷനായി ലക്ഷങ്ങള്‍ പൊലീസ് ആസ്ഥാനത്തെ പ്രമുഖരുടെ പോക്കറ്റില്‍ എത്തിയതായാണ് ആരോപണം.
മിഴിയടച്ചത് ഒന്നരക്കോടിയുടെ കാമറകള്‍
പൊലീസിലെ 'ആധുനീകരണ'വുമായി ബന്ധപ്പെട്ട് 2018 ജനുവരി അഞ്ചിനാണ് യൂനിഫോമില്‍ ഘടിപ്പിക്കുന്ന കാമറ ഡി.ജി.പി ലോക്നാഥ് െബഹ്റ പരിചയപ്പെടുത്തിയത്. ക്രമസമാധാനപാലനത്തിലും പേട്രാളിങ് വേളയിലും നിരീക്ഷണവും അനുബന്ധപ്രവര്‍ത്തനങ്ങളും ശകതമാക്കുന്നതിനുവേണ്ടിയാണ് 500 കാമറകള്‍ ഒന്നരക്കോടി രൂപക്ക് പൊതുമേഖല സ്ഥാപനമായ േബ്രാഡ്കാസ്റ്റിങ് കണ്‍സള്‍ട്ടന്റ് ഇന്ത്യ ലിമിറ്റഡില്‍നിന്ന് വാങ്ങിയത്.
4ജി സിം ഉപയോഗിച്ച് കാമറ ദൃശൃങ്ങളും ശബ്ദവും ജി.എസ്.എം സംവിധാനം വഴി കണ്‍േട്രാള്‍ റൂമിലേക്കോ ആവശ്യമുള്ള മറ്റേതെങ്കിലും കേന്ദ്രത്തിലേക്കോ അയക്കാം, ക്രമസമാധാനപാലനവേളയില്‍ ജില്ല പൊലീസ് മേധാവി, റേഞ്ച് ഐ.ജി, എ.ഡി.ജി.പി, സംസ്ഥാന പൊലീസ് മേധാവി തുടങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് ഈ ദൃശ്യങ്ങള്‍ കാണാനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും സാധിക്കും. സീനിയര്‍ ഓഫിസര്‍ക്ക് കാമറ ഘടിപ്പിച്ച പൊലീസ് ഓഫിസറോടും തിരിച്ചും സംസാരിക്കാനാകുമെന്നായിരുന്നു ഡി.ജി.പിയുടെ പ്രഖ്യാപനം. എന്നാല്‍, ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്ബ് തന്നെ 95 ശതമാനം കാമറകളും മിഴിയടച്ചു.




0 Comments