യുഎഇയില്‍ സമൂഹ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്താല്‍ കടുത്ത നടപടി



ദുബായ് ;യുഎഇയില്‍ സമൂഹ മാധ്യമങ്ങള്‍ വഴി ആരെയെങ്കിലും ഭീഷണിപ്പെടുത്തുകയോ അപകീര്‍ത്തിപ്പെടുത്തുകയോചെയ്താല്‍ കടുത്ത നടപടി. ചുരുങ്ങിയത് 6 മാസം തടവോ 1.5 ലക്ഷം ദിര്‍ഹം പിഴയോ അല്ലെങ്കില്‍ രണ്ടും ഒരുമിച്ചോ ആണു ശിക്ഷ. പിഴ 5 ലക്ഷം ദിര്‍ഹം വരെയാകാം.

യുഎസിലെ സെന്റേഴ്സ് ഫൊര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ റിപ്പോര്‍ട്ട് പ്രകാരം സൈബര്‍ ബുള്ളിയിങ് മൂലം പ്രതിവര്‍ഷം 4,400 യുവജനങ്ങള്‍ ജീവനൊടുക്കുന്നതായി യുഎഇ ഹയര്‍ ഇന്നവേഷന്‍ സെന്റര്‍ ജനറല്‍ മാനേജര്‍ ഡോ.അന്‍വര്‍ ഹമീം ബിന്‍ സലീം പറഞ്ഞു. ചുറ്റുപാടുകളില്‍ നിന്ന് ഒറ്റപ്പെട്ട് സൈബര്‍ ലോകത്ത് വിഹരിക്കുന്ന കുട്ടികളില്‍ ശാരീരിക-മാനസിക വൈകല്യങ്ങള്‍ പിടിമുറുക്കുന്നതായി വിദഗ്ധര്‍ പറയുന്നു.
മൊബൈല്‍ ഫോണ്‍, ടാബുകള്‍, ഇതര ഡിജിറ്റല്‍ സംവിധാനങ്ങള്‍ എന്നിവ ഉപയോഗിച്ചു വ്യക്തികളെ ഭീഷണിപ്പെടുത്തുന്നതിനു പുറമേ, അധിക്ഷേപിക്കല്‍, കുറ്റപ്പെടുത്തല്‍, പ്രതിച്ഛായ കളങ്കപ്പെടുത്തുന്ന പ്രതികരണങ്ങള്‍ തുടങ്ങിയവ സൈബര്‍ ബുള്ളിയിങ്ങില്‍ ഉള്‍പ്പെടുന്നു. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകള്‍ക്കുള്ള മോശം പ്രതികരണങ്ങളും ഈ ഗണത്തില്‍ ഉള്‍പ്പെടുന്നു. എസ്‌എംഎസ് സന്ദേശങ്ങളിലൂടെയുള്ള പ്രതികരണങ്ങളും മാന്യമാകണമെന്നാണ് സൈബര്‍ നിയമം. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ പോസ്റ്റ് ചെയ്യുന്നതും നിയമലംഘനമാണ്