മുങ്ങിക്കൊണ്ടിരിക്കുന്ന കെ.എസ്.ആര്‍.ടി.സിയെ കരകയറ്റാന്‍ 400 പുത്തന്‍ വണ്ടികള്‍.
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ പുതുപുത്തന്‍ ബസുകള്‍ രണ്ടു മാസങ്ങള്‍ക്കകം നിരത്തിലെത്തും! കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് ആദ്യഘട്ടത്തില്‍ 400 ബസുകളാണ് വാങ്ങുക. ഇതില്‍ 200 എണ്ണം കെ.എസ്.ആര്‍.ടി.സിയുടെ റീജിയണല്‍ വര്‍ക്ക്ഷോപ്പുകളിലും ബാക്കി 200 എണ്ണം അതാത് ബസ് കമ്ബനികളുടെ ഫാക്ടറികളിലും ബോഡി നിര്‍മ്മിക്കും. ബസ് കമ്ബനികളില്‍ നിന്നുതന്നെ ബോഡി നിര്‍മ്മിച്ച് വാങ്ങുന്നത് സംസ്ഥാനത്ത് ആദ്യമാണ്. മറ്റു ചില സംസ്ഥാനങ്ങളില്‍ ഇത് നേരത്തെ പരീക്ഷിച്ചതാണ്.
കെ.എസ്.ആര്‍.ടി.സിക്ക് പുതിയ 1000 ബസുകള്‍ വാങ്ങുമെന്ന് ഒരു മാസത്തിനു മുന്‍പ് യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ആദ്യ ഘട്ടമായാണ് 400 ബസുകള്‍ നിരത്തിലിറക്കുന്നത്.
ഭാരത് സ്റ്റേജ് 6 വിഭാഗത്തില്‍ പെടുന്ന ബസുകളാണ് വാങ്ങുന്നത്. മികച്ച ഇന്ധന ക്ഷമതയും മലിനീകരണ തോത് കുറവും ഈ ബസുകളുടെ പ്രത്യേകതയായിരിക്കും. ഒരു ബസിന്റെ ഷാസിക്ക് 14 ലക്ഷം രൂപയോളമാകും. മുന്‍പ് ഇറങ്ങിയ മോഡലുകളില്‍ നിന്നും വ്യത്യസ്തമായി ആന്റിലോക്ക് ബ്രേക്ക് സിസ്റ്റം (എ.ബി.എസ് ), ജി.പി.എസ് എന്നീ സംവിധാനങ്ങളും സുരക്ഷയുടെ ഭാഗമായി പുതിയ ബസുകളില്‍ ഉണ്ടാകും
തിരിച്ചെത്തുന്ന ബോഡി നിര്‍മ്മാണം
വര്‍ഷങ്ങള്‍ക്കുശേഷമാണ് കെ.എസ്.ആര്‍.ടി.സിയുടെ സ്വന്തം വര്‍ക്ക് ഷോപ്പുകളില്‍ ബസുകളുടെ ബോഡി നിര്‍മ്മാണം നടക്കാന്‍ പോകുന്നത്. നേരത്തെ കോട്ടയത്ത് ഒരു സ്വകാര്യ ഏജന്‍സിയെ ബോഡി നിര്‍മ്മാണം ഏല്‍പ്പിച്ചെങ്കിലും ലാഭകരമല്ലെന്നു കണ്ടെത്തി. ദീര്‍ഘദൂര യാത്രയ്ക്ക് യോജിച്ചവയല്ല ഇത്തരത്തില്‍ നിര്‍മ്മിക്കപ്പെട്ട ബസുകള്‍ എന്നും അഭിപ്രായമുയര്‍ന്നിരുന്നു. അതിനാലാണ് സ്വന്തം വര്‍ക്ക് ഷോപ്പുകളില്‍ ബോഡി ബില്‍ഡിംഗ് വീണ്ടും തുടങ്ങുന്നത്. പാപ്പനംകോട്, മാവേലിക്കര, ആലുവ, എടപ്പാള്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് വര്‍ക്ക് ഷോപ്പുകള്‍. അശോക് ലെയ്ലാന്‍ഡ്, ടാറ്റ, ഐഷര്‍ കമ്ബനികളില്‍ നിന്നാണ് ഷാസികള്‍ വാങ്ങുക.
ആയിരത്തിലധികം ബസുകള്‍ കട്ടപ്പുറത്ത്
സര്‍വീസ് നടത്തുന്ന 400ഓളം സൂപ്പര്‍ ക്ളാസ് ബസുകളുടെ കാലാവധി കഴിയുകയാണ്.
ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റുകളൊക്കെ ഇതില്‍ ഉള്‍പ്പെടും. ഇവ പിന്നീട് ഓര്‍ഡിനറി ബസുകളായി ഓടിക്കാനാവും. പുതുതായി വാങ്ങുന്ന ബസുകള്‍ സൂപ്പര്‍ ക്ളാസ് സര്‍വീസുകള്‍ക്കായി ഉപയോഗിക്കും. അറ്റകുറ്റപ്പണിക്ക് സാമ്ബത്തിക ബുദ്ധിമുട്ട് തടസം നില്‍ക്കുന്നതിനാല്‍ നിലവില്‍ ആയിരത്തോളം ബസുകള്‍ കട്ടപ്പുറത്താണ്. പുതിയ ബസുകള്‍ എത്തുന്നതോടെ കെ.എസ്.ആര്‍.ടി.സി നേരിടുന്ന പ്രതിസന്ധി ഒരുപരിധിവരെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
0 Comments