മതിലിൽ മൂത്രമൊഴിച്ചു; നായയെ വിട്ടുകടിപ്പിച്ചു; കഞ്ചാവ് ലഹരിയിലെന്ന് സംശയം.
മതിലിൽ മൂത്രമൊഴിച്ചതിന്റെ േപരിൽ നാലുപേരെ തടിമില്ലുടമ വളർത്തുനായയെ അഴിച്ചുവിട്ട് കടിപ്പിച്ചു. നാട്ടുകാർ പ്രതിഷേധിച്ചതോടെ മില്ലുടമ സഹായികളെയുംകൂട്ടി ആക്രമിക്കാൻ ശ്രമിച്ചു. പരസ്പരം കല്ലേറുണ്ടായി. പൊലീസ് എത്തി കീഴ്‍പ്പെടുത്താൻ ശ്രമിച്ചെങ്കിലും ഭീകരാന്തരീക്ഷം തുടർന്നു. ഒടുവിൽ പിടികൂടിയെങ്കിലും യഥാർഥ പ്രതി ഇയാളല്ല എന്നു നാട്ടുകാർ ആരോപിച്ചതോടെ വീണ്ടും സംഘർഷം ഉടലെടുത്തു.
മണിക്കൂറുകൾ നീണ്ട ബഹളത്തിനൊടുവിൽ മില്ലുടമയെ സാഹസികമായി കീഴ്പ്പെടുത്തി. മനോദൗർബല്യമുള്ളയാളാണെന്നു ബോധ്യപ്പെട്ടത്തോടെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഒളരിക്കരയിലെ ബാർ ഹോട്ടലിനു സമീപത്താണ് സംഭവം. ബാറിനു സമീപത്തു പ്രവർത്തിക്കുന്ന തടിമില്ലിന്റെ ഉടമയാണ് പ്രതി. കഞ്ചാവിന് അടിമയായ ഇയാൾ മുൻപു പലവട്ടം നാട്ടുകാർക്കു നേരെ വളർത്തുനായയെ അഴിച്ചുവിട്ടു കടിപ്പിച്ചിട്ടുണ്ടെന്നു നാട്ടുകാർ പറയുന്നു.
ബാറിൽ നിന്നിറങ്ങുന്ന മദ്യപർ തടിമില്ലിന്റെ മതിലിൽ മൂത്രമൊഴിക്കുന്നതാണ് മില്ലുടമയെ പ്രകോപിപ്പിക്കുന്നത്. മതിലിൽ മൂത്രമൊഴിച്ച പലർക്കും നായയുടെ കടിയേറ്റിട്ടുണ്ടെങ്കിലും മില്ലുടമയെ പേടിച്ച് ആരും പ്രതികരിക്കാൻ മുതിർന്നിരുന്നില്ല.
ഇതോടെ നാട്ടുകാരുടെ പിന്തുണയോടെ യുവാക്കൾ മില്ലുടമയുടെ വീടിനു മുന്നിൽ ബഹളമുണ്ടാക്കി. മില്ലുടമ വടിവാൾ വീശിയും കുപ്പിയും കല്ലുമെറിഞ്ഞും നാട്ടുകാരെ വിരട്ടിയോടിക്കാൻ ശ്രമിച്ചു. പൊലീസ് എത്തിയിട്ടും ഇയാളുടെ പരാക്രമങ്ങൾ തുടർന്നു. ഈ ഭാഗത്താകെ ഗതാഗതം കുരുങ്ങി. കുരുക്കിൽപ്പെട്ട ഒരു വണ്ടിയുടെ ചില്ലും ഇയാൾ തല്ലിത്തകർത്തു. രാത്രിയോടെയാണ് മില്ലുടമയെ കീഴ്പ്പെടുത്താനായത്.




0 Comments