ഇറക്കുമതിചെയ്ത ഉള്ളികെട്ടിക്കിടക്കുന്നു: 10 രൂപ നിരക്കില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കും
ന്യൂഡല്‍ഹി: കഴിഞ്ഞമാസം രാജ്യത്ത് ഉള്ളിയുടെ വില കുതിച്ചുയര്‍ന്നപ്പോള്‍ തുര്‍ക്കിയില്‍നിന്നും മറ്റും ഇറക്കുമതിചെയ്ത ഉള്ളി വിലകുറച്ച് സംസ്ഥാനങ്ങള്‍ക്കു വില്‍ക്കാന്‍ കേന്ദ്രം തീരുമാനിച്ചു. കിലോയ്ക്ക് 50 രൂപത്തോതില്‍ ഇറക്കുമതിചെയ്ത വലുപ്പംകൂടിയ ഉള്ളി പത്തോപതിനഞ്ചോ രൂപയ്ക്ക് സംസ്ഥാനങ്ങള്‍ക്കു നല്‍കാനാണ് ആലോചന.
വലുപ്പത്തിലും രുചിയിലും വ്യത്യസ്തമായ വിദേശയുള്ളിക്ക് ആവശ്യക്കാരില്ലാത്തതിനാല്‍ അവ കെട്ടിക്കിടക്കുകയാണ്. ശ്രീലങ്ക, മാലദ്വീപ്, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ക്ക് വാങ്ങിയവിലയ്ക്കു മറച്ചുവില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അതു നടന്നില്ല. അതോടെയാണ് വിലകുറച്ച് സംസ്ഥാനങ്ങള്‍ക്ക് വില്‍ക്കാന്‍ തീരുമാനിച്ചത്.
33,500 ടണ്‍ ഉള്ളി മുംബൈ തുറമുഖത്ത് കെട്ടിക്കിടക്കുകയാണ്. മഹാരാഷ്ട്ര, കര്‍ണാടക, ഒഡിഷ, ഹരിയാണ, അസം സംസ്ഥാനങ്ങള്‍ ഉള്ളിയിറക്കുമതിക്കു നല്‍കിയ ഓര്‍ഡര്‍ പിന്‍വലിക്കുകയും ചെയ്തു. ഇതോടെ കെട്ടിക്കിടക്കുന്നവ വിലകുറച്ചു വില്‍ക്കുകയല്ലാതെ സര്‍ക്കാരിനു പോംവഴിയില്ലാതായി.
നാഫെഡ് വഴി വില്‍ക്കാനാണ് നീക്കം. കഴിഞ്ഞമാസം കിലോയ്ക്ക് 100 രൂപയ്ക്കു മുകളില്‍പ്പോയ ഉള്ളിയുടെ വില ഇപ്പോള്‍ 50 രൂപയാണ്. അടുത്തമാസത്തോടെ ആഭ്യന്തര ഉള്ളിയുടെ വരവു കൂടും.




0 Comments