അനധികൃത മത്സ്യബന്ധനം വ്യാപകം: അയല്‍സംസ്ഥാന ബോട്ടുകള്‍ കൂട്ടമായെത്തുന്നു
കാഞ്ഞങ്ങാട്: ഫിഷറീസ് വകുപ്പിെന്റ ഉത്തരവുകളെ മറികടന്നും ജില്ലയുടെ തീരങ്ങളില്‍ അനധികൃത മത്സ്യബന്ധനം സജീവം. അത്യാധുനിക ബോട്ടുകള്‍ ഉപയോഗിച്ച് സമീപ സംസ്ഥാനങ്ങളില്നിന്നുള്ളവരടക്കമാണ് മത്സ്യബന്ധനം നടത്തുന്നത്. ഇത്തരത്തില്‍ അനുമതിയില്ലാതെ മത്സ്യബന്ധനം നടത്തിയ സംഭവത്തില്‍ കഴിഞ്ഞ ഒരുമാസത്തിനിടെ അഞ്ചോളം ബോട്ടുകളാണ് തീരദേശ പൊലീസിെന്റ സഹായത്തോടെ ഫിഷറീസ് വകുപ്പ് അധികൃതര്‍ പിടിച്ചെടുത്തത്. ലൈറ്റുകള്‍ പ്രകാശിപ്പിച്ചും നിരോധിത വലകള്‍ ഉപയോഗിച്ചുമാണ് ഇത്തരത്തില്‍ രണ്ടോ മൂന്നോ ബോട്ടുകളുടെ അകമ്ബടിയോടെയുള്ള മത്സ്യബന്ധനം നടത്തുന്നത്. ഇത് പരമ്ബരാഗത മത്സ്യത്തൊഴിലാളികള്‍ക്കാണ് തിരിച്ചടിയാകുന്നത്. മത്സ്യങ്ങളെ വളരാന്‍ അനുവദിക്കാതെ കുഞ്ഞു മത്സ്യങ്ങളെേപാലും ലൈറ്റുകള്‍ തെളിയിച്ച് ഒരു പോയന്റിലെത്തിച്ച് മടിവല ഉപയോഗിച്ച് കോരിയെടുക്കുന്നതും മറ്റും ഫിഷറീസ് വകുപ്പ് നിരോധിച്ചിട്ടുണ്ട്. ഇതൊന്നും വകവെക്കാതെയുള്ള മത്സ്യബന്ധനമാണ് ജില്ലയുടെ കടലില്‍ നടക്കുന്നത്. ഇത്തരത്തില്‍ കുഞ്ഞുമത്സ്യങ്ങളെ പിടിച്ച ഒരു ബോട്ട് വ്യാഴാഴ്ച കോസ്റ്റല്‍ പൊലീസിെന്റ സഹായത്തോടെ ഫിഷറീസ് വകുപ്പ് അധികൃതര്‍ പിടിച്ചെടുത്തു.
കര്‍ണാടകയില്‍നിന്നുള്ള മത്സ്യബന്ധന ബോട്ടുകളാണ് ഇത്തരത്തില്‍ കൂടുതല്‍ അനധികൃത മത്സ്യബന്ധനം നടത്തുന്നത്. ഇവരെ പിടികൂടാനെത്തുന്ന തീരദേശ പൊലീസിനുനേരെ ഭീഷണിയും അക്രമവും നടത്താന്‍പോലും ഇക്കൂട്ടര്‍ മടിക്കുന്നില്ലെന്നും തീരദേശ പൊലീസ് സേനാ അംഗം തന്നെ പറയുന്നു. ലൈറ്റ് ഫിഷിങ് കടലിലെ ആവാസ വ്യവസ്ഥയെപോലും ബാധിക്കുന്നതായി പഠനങ്ങള്‍തന്നെ തെളിയിച്ചിട്ടുണ്ടെന്ന് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥന് 'മാധ്യമ'ത്തോട് പറഞ്ഞു. മത്സ്യങ്ങളുടെ യഥാര്‍ഥ വളര്‍ച്ചക്ക് രാവും പകലും അനിവാര്യമാണ്. എന്നാല്‍, ലൈറ്റ് ഫിഷിങ് നടത്തുന്നതിലൂടെ ഇതാണ് ഇല്ലാതാകുന്നത്. കൂടാതെ, ഇത്തരത്തില്‍ അനധികൃത മത്സ്യബന്ധനം വ്യാപകമായതോടെ പരമ്ബരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്ഗത്തെതന്നെ ബാധിക്കുന്നതായും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
0 Comments