മാനന്തവാടി: നടന്‍ ടൊവിനോ തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ്‍യു. പ്രസംഗത്തിനിടെ കൂവിയ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി മൈക്കിലൂടെ കൂവിപ്പിച്ച സംഭവത്തിലാണ് നടനെതിരെ കെഎസ്‌യു രംഗത്തെത്തിയിരിക്കുന്നത്. മാനന്തവാടി മേരി മാതാ കേളേജില്‍ ദേശീയ സമ്മതിദാന അവകാശ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതു പരിപാടിക്കിടെയാണ് സംഭവം. നാളെ പൊലീസില്‍ പരാതി നല്‍കുമെന്ന് കെഎസ്‍യു നേതൃത്വം അറിയിച്ചു.
വയനാട് ജില്ലാ കളക്ടറും സബ് കളക്ടറും ഇരിക്കുന്ന വേദിയിലായിരുന്നു ടോവിനോ വിദ്യാര്‍ത്ഥിയെ വേദിയിലേക്ക് വിളിച്ചുവരുത്തി കൂവിപ്പിച്ചത്. കരുത്തുറ്റ ജനാധിപത്യത്തിന് തെരഞ്ഞെടുപ്പ് സാക്ഷരത എന്ന സന്ദേശത്തില്‍ ജില്ലാ ഭരണകൂടമാണ് പരിപാടി സംഘടിപ്പിച്ചത്. ടോവിനോ ഉദ്ഘാടന പ്രസംഗം നടത്തിക്കൊണ്ടിരിക്കെ ഒരു വിദ്യാര്‍ത്ഥി സദസില്‍ നിന്നും കൂവി. ഈ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തിയ നടന്‍ മൈക്കിലൂടെ കൂവാന്‍ ആവശ്യപ്പെടുകയായിരുന്നു. ആദ്യം വിസമ്മതിച്ച കുട്ടി സമ്മര്‍ദ്ദം ഏറിയപ്പോള്‍ ഒരു പ്രാവശ്യം കൂവി. അത് പോരാതെ നാല് പ്രാവശ്യം കൂവിപ്പിച്ചാണ് കുട്ടിയെ സ്റ്റേജില്‍ നിന്നും പോകാന്‍ അനുവദിച്ചത്. വിദ്യാര്‍ത്ഥിയെ മറ്റ് വിദ്യാര്‍ത്ഥികളുടെ മുന്നിലും, പൊതു ജനമധ്യത്തിലും അപമാനിച്ച ടോവിനോക്കെതിരെ നിയമപരമായ നടപടി ആവശ്യപ്പെട്ടാണ് കെഎസ്‌യു രംഗത്തെത്തിയിരിക്കുന്നത്. ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചെന്ന് കെഎസ്‌യു അറിയിച്ചു. കെഎസ്‍യു നാളെ എസ്‌പിക്ക് പരാതി നല്‍കും.
0 Comments