
കേരളത്തില്‍ കൊറോണ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പ്രതിരോധത്തിനായി ജില്ലയില്‍ എല്ലാ മുന്നൊരുക്കങ്ങളും നടത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ. നാരായണ നായ്ക് അറിയിച്ചു. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുതിനായി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേംബറില്‍ ചേര്‍ന്ന ജില്ലാതല പ്രോഗ്രാം ഓഫീസര്‍മാരുടെ അടിയന്തിര യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ ജില്ലാ ആശുപത്രി, തലശ്ശേരി ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുക്കിയിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസിലും ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും റാപ്പിഡ് റെസ്പോണ്‍സ് ടീം രൂപീകരിച്ചിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപന മേധാവികള്‍ക്കും സൂപ്പര്‍വൈസറി, ഫീല്‍ഡ് സ്റ്റാഫ് അംഗങ്ങള്‍ക്കും രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു. ചൈനയില്‍ നിന്ന് നാട്ടിലെത്തിയവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലെ ജില്ലാ കണ്‍ട്രോള്‍ സെല്ലുമായി 0497- 2700194 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും അദ്ദേഹം അറിയിച്ചു. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ആരോഗ്യവകുപ്പിന്റെ ദിശ ഹെല്‍പ്പ് ലൈനുമായി ബന്ധപ്പെടാം. ഫോണ്‍ നമ്പര്‍: 1056 അല്ലെങ്കില്‍ 0471- 2552056.
0 Comments