പാലാരിവട്ടം പാലം അഴിമതി; വികെ ഇബ്രാഹിം കുഞ്ഞിന് വിജിലന്‍സ് നോട്ടീസ്
തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന് വിജിലന്‍സ് നോട്ടീസ്. ശനിയാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം പൂജപ്പുരയിലെ വിജിലന്‍സ് സ്പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ യൂണിറ്റ് ഒന്നില്‍ ഹാജരാകാനാണ് നിര്‍ദേശം. ചോദ്യം ചെയ്യലിന് മുന്നോടിയായി ഇബ്രാഹിം കുഞ്ഞിനെതിരെ പരമാവധി തെളിവുകള്‍ അന്വേഷണ സംഘം സമാഹരിച്ചിട്ടുണ്ട്.
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വികെ ഇബ്രാഹിം കുഞ്ഞ് എംഎല്‍എക്കെതിരെ അന്വേഷണം നടത്താന്‍ അനുമതി തേടി ഒക്ടോബര്‍ രണ്ടിന് വിജിലന്‍സ് നല്‍കിയ അപേക്ഷയില്‍ നേരത്തെ ഗവര്‍ണറുടെ അനുമതി ലഭിച്ചിരുന്നു. എന്നാല്‍ നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ എംഎല്‍എ യെ ചോദ്യം ചെയ്യുന്നതിന് സ്പീക്കറുടെ പ്രത്യേക അനുമതി ആവശ്യമാണ്. നിയമസഭാ സമ്മേളനം ഇന്നവസാനിക്കുന്ന സാഹചര്യത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് ഉടന്‍ തന്നെ വിജിലന്‍സ് നോട്ടീസ് അയച്ചത്.
പൊതുമരാമത്ത് മന്ത്രിയായിരിക്കെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി കരാര്‍ കമ്ബനിക്ക് മുന്‍കൂറായി 8.25 കോടി രൂപ അനുവദിച്ചുവെന്നതാണ് ഇബ്രാഹിം കുഞ്ഞിനെതിരായ പ്രധാന ആരോപണം. പ്രി ബിഡ് യോഗ തീരുമാനത്തിന് വിരുദ്ധമായി തുക മുന്‍കൂര്‍ അനുവദിച്ചത് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞിന്‍റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് മുന്‍ പൊതുമരാമത്ത് സെക്രട്ടറിയും കേസിലെ നാലാം പ്രതിയുമായ ടിഒ സൂരജ് വ്യക്തമാക്കിയിരുന്നു.
മന്ത്രിയായിരിക്കെ ഇബ്രാഹിംകുഞ്ഞ് ഒപ്പിട്ട 140 രേഖകള്‍ അഴിമതിക്ക് തെളിവായി വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. പാലം നിര്‍മാണത്തിലെ എല്ലാ തീരുമാനങ്ങളും മന്ത്രിയുടെ അറിവോടെയായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. റോഡ് ഫണ്ട് ബോര്‍ഡിന്‍റെയും കേരള റോഡ്സ് ആന്‍ഡ് ബ്രിഡജസ് കോര്‍പറേഷന്‍റെയും ഫയലുകള്‍ മന്ത്രി കണ്ടിരുന്നു. ഒപ്പം സുപ്രധാന തീരുമാനങ്ങളുടെ മിനിറ്റ്സില്‍ മന്ത്രിയുടെ ഒപ്പുണ്ടെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു.
ഇതെക്കുറിച്ചെല്ലാം ചോദ്യം ചെയ്യലില്‍ ഇബ്രാഹിം കുഞ്ഞിന് വിശദീകരിക്കേണ്ടി വരും. തൃപ്തികരമായ മറുപടി നല്‍കാന്‍ ഇബ്രാഹിംകുഞ്ഞിന് കഴിഞ്ഞില്ലെങ്കില്‍ അറസ്റ്റിലേക്ക് കടക്കാനാണ് വിജിലന്‍സിന്‍റെ തീരുമാനം.




0 Comments