പാലക്കാട് : ബേക്കറിയിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന അതിഥിയെ കണ്ട് ജീവനക്കാര്‍ അമ്ബരന്നു. പട്ടാമ്ബി വല്ലപ്പുഴ റെയില്‍വേ ഗേറ്റിലെത്തിയ മ്ലാവാണ് സമീപമുളള ബേക്കറിയിലേക്ക് ചാടിക്കയറി പരിഭ്രാന്തി സൃഷ്ടിച്ചത്. ആകെ പരിഭ്രമിച്ചുപോയ മ്ലാവ് ബേക്കറിയുടെ ചില്ലുകളും അടുക്കളയിലുണ്ടായിരുന്ന സാധനസാമഗ്രികളും തകര്‍ത്തു.

മ്ലാവിനെ കണ്ട് ബേക്കറിയിലുണ്ടായിരുന്ന തൊഴിലാളികള്‍ ബഹളം കൂട്ടിയതോടെ, പേടിച്ച മ്ലാവ് കൂടുതല്‍ പരാക്രമമായി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും പട്ടാമ്ബിയിയില്‍ നിന്ന് വനംവകുപ്പ് ജീവനക്കാരും എത്തിയെങ്കിലും മ്ലാവിനെ കുടുക്കാന്‍ കഴിഞ്ഞില്ല.

മണിക്കൂറുകള്‍ക്കുശേഷം പാലക്കാട് ഒലവക്കോട് നിന്ന് വനംവകുപ്പിന്റെ ദ്രുതപ്രതികരണ സേനയെത്തിയാണ് മ്ലാവിനെ പിടികൂടിയത്. കൈകാലുകള്‍ കെട്ടി വാഹനത്തിലാക്കുകയായിരുന്നു. ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ബേക്കറി ജീവനക്കാര്‍ പറഞ്ഞു.മ്ലാവ് എവിടെ നിന്നാണ് എത്തിയതെന്ന് വ്യക്തമല്ല.