കേന്ദ്ര ബജറ്റ്- രാജ്യത്തെ വിറ്റുതുലക്കുന്നതും കേരളത്തോടും പ്രവാസികളോടും വിദ്വേഷം തീർക്കുന്നതും - വെൽഫെയർ പാർട്ടി

രാജ്യത്തിന്റെ സമ്പത്ത് മുഴുവൻ വിറ്റു തുലക്കുന്നതും കേരള സംസ്ഥാനത്തോടുള്ള സംഘ്പരിവാറിന്റെ  വിദ്വേഷം തീർക്കുന്നതും പ്രവാസികളുടെ മേല്‍ അധിക ഭാരം ചുമത്തുന്നതുമായ ബജറ്റാണ് ബി.ജെ.പി സർക്കാരിന്റേതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം .
എൽ.ഐ.സി അടക്കമുള്ള പൊതുമേഖയിലെ അവശേഷിച്ച വലിയ സ്ഥാപനങ്ങളെല്ലാം വിൽക്കാനുള്ള തീരുമാനം രാജ്യത്തെ ഭീകരമായ കോർപറേറ്റ് അടിമത്വത്തിലേക്കെത്തിക്കും. കേരളത്തിന്റെ നികുതി വിഹിതം 2.5 ശതമാനത്തിൽ നിന്ന് 1.9 ശതമാനത്തിലേക്ക് താഴ്ത്തിയത് സംസ്ഥാനത്തോട് വിദ്വേഷത്തോടെ പെറുമാറുന്ന കേന്ദ്ര സർക്കാരിന്റെ സ്ഥിരം സമീപനത്തിന്റെ ഭാഗമാണ്. കേരളത്തെ വികസന മുരടിപ്പിലേക്ക് തള്ളി വീഴ്ത്തുക എന്ന ഗൂഢ പദ്ധതിയാണ് ഇതിലൂടെ വെളിവാകുന്നത്. രണ്ട് പ്രളയങ്ങളുടെ കെടുതി അനുഭവിക്കുന്ന സംസ്ഥാനത്തിന് കൂടുതല്‍ നികുതി വിഹിതം നൽകുകയായിരുന്നു ന്യായമായും വേണ്ടിയിരുന്നത്. അപ്പോഴാണ് ഉള്ളത് കൂടി ബജറ്റ് ഇല്ലാതാക്കുന്നത്. ഈ അന്യായത്തെ ന്യായീകരിക്കുന്ന ബി.ജെ.പി യെ കേരള ജനത പാഠം പഠിപ്പിക്കണം. രാജ്യത്തിന്റെ സമ്പദ്ഘടനയിൽ നിർണായക പങ്കാളിത്തമുള്ള പ്രവാസികളെ ആദായ നികുതിയുടെ പരിധിയിൽ ഉൾപ്പെടുത്തിയത് ഗുരുതര പ്രതിസന്ധിയാണ് സൃഷ്ടിക്കുക. വിദേശ രാജ്യങ്ങളിലെ നികുതിയിളവും കറൻസി മൂല്യവും കാരണമായാണ് ചെറിയ ജോലികൾക്ക് പോലും പ്രവാസികളാകാൻ ധാരാളം ഇന്ത്യക്കാർ തയ്യാറാകുന്നത്. നികുതി പരിധിയിൽ വരുന്നതോടെ പ്രവാസം ആകർഷകമല്ലാതാകും. ഇപ്പോള്‍ തന്നെ സ്വദേശിവല്‍കരണമടക്കം നിരവധി പ്രതിസന്ധികളിലൂടെ പോകുന്ന പ്രവാസി സമൂഹത്തിന് കനത്ത പ്രഹരമാണിത്. ആദായ നികുതിയുടെ പരിധി ഉയര്‍ത്തിയെന്ന പുറംമോടിയില്‍ എഴുപതിലധികം ഇളവുകള്‍ എടുത്തുകളഞ്ഞത് നികുതിദായകരെ വഞ്ചിക്കുന്നതാണ്. യാതൊരു ഭാവനയുമില്ലാത്ത കണക്കിലെ കളികള്‍ മാത്രമാണ് നിർമലാ സീതാരമന്റെ ബജറ്റ്. തൊഴിലില്ലായ്മയും കർഷക പ്രതിസന്ധിയും രൂക്ഷമാക്കാനാണ് ബജറ്റ് വഴിയൊരുക്കുക. രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ ആകെ തകർക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സാമൂഹികാവസ്ഥയെ സംഘർഷത്തിലും അരക്ഷിതാവസ്ഥയിലും ആക്കിയ മോദി സർക്കാർ രാജ്യത്തിന് സമ്പൂർണ്ണമായും ബാധ്യതതയായിരിക്കുന്നു എന്ന് ഒരിക്കൽ കൂടി പ്രഖ്യാപിക്കുകയാണ് കേന്ദ്ര ബജറ്റ് ചെയ്യുന്നത്. ജനദ്രോഹ ഭരണകൂടത്തെ തൂത്തെറിയാൻ ജനങ്ങൾ തയ്യാറാവുക മാത്രമാണ് പരിഹാരം എന്ന് അദ്ദേഹം പറഞ്ഞു.