ഓട്ടോകളില്‍ നിരക്ക് അച്ചടിച്ച്‌ ഒട്ടിക്കണമെന്ന് ഹൈക്കോടതി


കൊച്ചി: സംസ്ഥാനത്തെ ഓട്ടോറിക്ഷകളില്‍ യാത്രാ നിരക്ക് അച്ചടിച്ച കാര്‍ഡ് യാത്രക്കാര്‍ക്കു കാണാവുന്ന വിധത്തില്‍ ഒട്ടിക്കാനാകുമോ എന്നു മോട്ടര്‍ വാഹന വകുപ്പും ലീഗല്‍ മെട്രോളജി അധികൃതരും പരിഗണിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ യാത്രക്കാര്‍ക്കു ഫോണില്‍ പരാതിപ്പെടാനുള്ള നമ്ബരുകള്‍ പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നു ഡിജിപി ഉറപ്പാക്കണം.

കണ്ണൂരില്‍ മീറ്റര്‍ ഘടിപ്പിക്കാതെ ഓട്ടോറിക്ഷകള്‍ അധിക ചാര്‍ജ് വാങ്ങുന്നതായി ആരോപിച്ച്‌ 'ദ് ട്രൂത്ത്' എന്ന സംഘടന നല്‍കിയതുള്‍പ്പെടെ ഹര്‍ജികള്‍ പരിഗണിച്ചാണു ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്ബ്യാരുടെ ഉത്തരവ്. കണ്ണൂര്‍ ജില്ലയില്‍ ഉടന്‍ നടപടികള്‍ക്കു പൊലീസിനു നിര്‍ദേശം നല്‍കി.
മറ്റു നിര്‍ദ്ദേശങ്ങള്‍

1. എമര്‍ജന്‍സി സപ്പോര്‍ട്ട് റെസ്പോണ്‍സ് സംവിധാനം, ഹൈവേ പൊലീസ്, പിങ്ക് പൊലീസ്, വനിതാ ഹെല്‍പ്പ് ലൈന്‍ തുടങ്ങിയവയുടെ നമ്ബരുകള്‍ യാത്രക്കാരുടെ പരാതികളോടു പ്രതികരിക്കാന്‍ കഴിയുന്ന തരത്തില്‍ യൂസര്‍ ഫ്രണ്ട്ലിയാകണം.

2. അമിതനിരക്ക് ഈടാക്കിയെന്ന പരാതി ലഭിച്ചാല്‍ പരിശോധിച്ച്‌ ഓട്ടോക്കാരന്റെ ഭാഗത്ത് വീഴ്ചയുണ്ടോ എന്നുറപ്പാക്കണം. ഉചിതമായ നടപടി സ്വീകരിക്കണം.

3. യാത്രക്കാര്‍ വിളിച്ചാല്‍ മറ്റൊരു നമ്ബരിലേക്ക് വിളിക്കാന്‍ പറയരുത്. ഇക്കാര്യം എസ്.പി ഉറപ്പാക്കണം. ഇത്തരം കോളുകള്‍ ഉചിതമായ കണ്‍ട്രോള്‍ സെന്ററിലേക്ക് തിരിച്ചു വിടാന്‍ സംവിധാനം വേണം.

4. ഓട്ടോഡ്രൈവറുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടാല്‍ മോട്ടോര്‍വാഹന നിയമം, ലീഗല്‍ മെട്രോളജി നിയമം തുടങ്ങിയവ പ്രകാരം നടപടിക്ക് റിപ്പോര്‍ട്ട് ചെയ്യണം. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണം.