എസ്.എസ്.എല്‍.സി: ഇംഗ്ലീഷ് മീഡിയത്തിന് പ്രിയമേറുന്നു
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ് മീഡിയം പ്രിയം വര്‍ധിക്കുന്നു. ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ ഇംഗ്ലീഷ് മാധ്യമമായി എഴുതുന്ന വിദ്യാര്‍ഥികളും മലയാളത്തില്‍ എഴുതുന്നവരും ഏറെക്കുറെ തുല്യം. ഇതാദ്യമായി എസ്.എസ്.എല്‍.സിക്ക് ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥികളുടെ എണ്ണം രണ്ട് ലക്ഷം കവിയുകയും ചെയ്തു. സ്കൂളുകളില്‍ മലയാള ഭാഷ പഠനം നിര്‍ബന്ധമാക്കുകയും ഭരണഭാഷ തന്നെ മലയാളമാക്കിയിട്ടും ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥികളുടെ എണ്ണം വര്‍ഷംതോറും കൂടി വരുന്നതായും വിദ്യാഭ്യാസ വകുപ്പിെന്റ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇക്കൊല്ലം എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന 4,22,347 പേരില്‍ 2,01,259 പേര് (47.65 ശതമാനം) ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥികളാണെന്നതാണ് പ്രത്യേകത. 2,17,184 പേരാണ് (51.42) മലയാളം മീഡിയം വിദ്യാര്‍ഥികള്‍. മലയാളം മീഡിയം വിദ്യാര്‍ഥികളുമായുള്ള എണ്ണത്തിലുള്ള അന്തരം 15,925 മാത്രം. തമിഴ് മീഡിയം 2377 വിദ്യാര്‍ഥികളും കന്നട മീഡിയം 1527 പേരുമുണ്ട്. കഴിഞ്ഞ വര്‍ഷം മലയാളം, ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥികളുടെ അന്തരം 55,501 ആയിരുന്നു.
കഴിഞ്ഞ വര്‍ഷം മലയാളം മീഡിയത്തില്‍ പരീക്ഷയെഴുതിയത് 2,43,093 പേരും ഇംഗ്ലീഷ് മീഡിയത്തില്‍ 1,87,592 പേരുമായിരുന്നു. 2018ല്‍ 2,61,670 പേര് മലയാളത്തിലും 1,74,561 പേര് ഇംഗ്ലീഷിലും (അന്തരം 87,109) പരീക്ഷയെഴുതി. 2017ല്‍ ഇത് യഥാക്രമം 2,88,564ഉം 1,62,103ഉം (അന്തരം 1,26,461) ആയിരുന്നു. 2016ല്‍ ഇത് 3,20,897ഉം 1,48,093ഉം (അന്തരം 1,72,804) 2015ല്‍ ഇത് 3,32,693ഉം 1,30,093ഉം (അന്തരം 2,02,600) ആയിരുന്നു. ആറ് വര്‍ഷത്തിനിടെ ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥികളുടെ എണ്ണത്തിലുണ്ടായ വര്‍ധന 71,166 ആണ്.
അതേസമയം, ഇത്തവണ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന കുട്ടികളുടെ എണ്ണത്തിലും കാര്യമായ കുറവുണ്ട്. കഴിഞ്ഞ വര്‍ഷം 4,34,729 പേര് പരീക്ഷയെഴുതിയപ്പോള്‍ ഇത്തവണ 4,22,347 (12,382 പേര് കുറവ്) കുട്ടികളാണ് രജിസ്റ്റര്‍ ചെയ്തത്. പ്രൈവറ്റായി 1749 പേരും പരീക്ഷയെഴുതുന്നുണ്ട്.




0 Comments