ജേക്കബ് ഗ്രൂപ്പും പിളര്‍പ്പിലേക്ക്; യു.ഡി.എഫിന് വീണ്ടും തലവേദന
തിരുവനന്തപുരം: മാണി ഗ്രൂപ്പിന് പിന്നാലെ യു.ഡി.എഫിലെ മറ്റൊരു കേരള കോണ്‍ഗ്രസ് വിഭാഗമായ ജേക്കബ് വിഭാഗവും പിളര്‍പ്പിലേക്ക്. ലീഡര്‍ മുന്‍മന്ത്രി അനൂപ് ജേക്കബിനെ അനുകൂലിക്കുന്നവരും ചെയര്മാന് ജോണി നെല്ലൂരിനെ പിന്തുണക്കുന്നവരും വെവ്വേറെ നേതൃയോഗം വിളിച്ചു.
അനൂപ്- -നെല്ലൂര്‍ വിഭാഗങ്ങള്‍ തമ്മില്‍ ഏറെക്കാലമായി കടുത്ത അകല്‍ച്ചയിലാണ്. നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് ഇൗ അകല്‍ച്ച പൊട്ടിത്തെറിയിലെത്തിയെങ്കിലും കോണ്‍ഗ്രസ് ഇടപെട്ട് പിളര്‍പ്പ് ഒഴിവാക്കി. ജോണി നെല്ലൂരിന് നിയമസഭ സീറ്റ് കൂടി ഉറപ്പാക്കാന്‍ ശ്രമിക്കാതെ കോണ്‍ഗ്രസുമായി അനൂപ് ഒത്തുകളിെച്ചന്നായിരുന്നു അന്നത്തെ ആക്ഷേപം. നെല്ലൂരിനെ ഒടുവില്‍ യു.ഡി.എഫ് സെക്രട്ടറിയാക്കിയാണ് പ്രശ്നം പരിഹരിച്ചത്.
പി.ജെ. ജോസഫ്, ജോസ് െക. മാണി വിഭാഗങ്ങളുടെ തമ്മിലടി പാലാ ഉപതെരഞ്ഞെടുപ്പിന് പിന്നാലെ കുട്ടനാട്, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടി ആയേക്കാമെന്ന ആശങ്കകള്‍ക്കിടെ ജേക്കബ് ഗ്രൂപ്പിലും ഭിന്നത രൂക്ഷമായത് യു.ഡി.എഫിെന്റ തലവേദന ഇരട്ടിച്ചിരിക്കുകയാണ്. ജേക്കബ് പക്ഷം ചെറിയ കക്ഷിയാണെങ്കിലും പിളര്‍പ്പിനെ തുടര്‍ന്നുണ്ടാകാവുന്ന വിഴുപ്പലക്കല്‍ മുന്നണിയുടെ കെട്ടുറപ്പിന് ദോഷമാകുമെന്നാണ് ആശങ്ക.
ജോസ് കെ. മാണി പക്ഷത്തെ നേരിടാന്‍ ഇതര കേരള കോണ്‍ഗ്രസ് വിഭാഗങ്ങളെ ഒപ്പംകൂട്ടാനുള്ള ശ്രമത്തിലാണ് പി.െജ. ജോസഫ്. ഇതിെന്റ ഭാഗമായി ജേക്കബ് ഗ്രൂപ്പിനെ ഒപ്പം ചേര്‍ക്കാന്‍ ശ്രമിച്ചുവരികയാണ്. ആദ്യഘട്ടത്തില്‍ അനൂപ് അനുകൂലിെച്ചങ്കിലും പിന്നീട് തെന്നിമാറി. എന്നാല്‍ ജോണി വിഭാഗം ജോസഫ് പക്ഷവുമായി ലയിക്കണമെന്ന നിലപാടിലാണ്. ലയനം ചര്‍ച്ചചെയ്യാന്‍ ഒരാഴ്ച മുമ്ബ് നേതൃയോഗം നടെന്നങ്കിലും തര്‍ക്കം കാരണം തീരുമാനമാകാതെ പിരിഞ്ഞു.
മുന്നിലപാടുകളില് ഉറച്ചുനില്‍ക്കുന്ന ഇരുപക്ഷവും കോട്ടയത്ത് വെവ്വേറെ യോഗം വിളിച്ചിട്ടുണ്ട്. അനൂപ് അനുകൂലികള്‍ 15നും നെല്ലൂര്‍ അനുകൂലികള്‍ 21നും യോഗം ചേരും. വിശ്വസ്തരെ മാത്രമാണ് അനൂപ് യോഗത്തിലേക്ക് ക്ഷണിച്ചത്. മറുപക്ഷത്ത് എല്ലാവര്ക്കും ക്ഷണമുണ്ട്. പിളര്‍ന്നാല്‍ നെല്ലൂര്‍ പക്ഷം, പി.ജെ. ജോസഫ് നയിക്കുന്ന കേരള കോണ്‍ഗ്രസില്‍ ലയിക്കുെമന്നാണ് സൂചന.




0 Comments