മാതൃഭൂമിക്കെതിരേ വ്യാജപ്രചാരണം: കോഴിക്കോട് സ്വദേശി അറസ്റ്റില്‍

മാതൃഭൂമിക്കെതിരേ വ്യാജപ്രചാരണം: കോഴിക്കോട് സ്വദേശി അറസ്റ്റില്‍

കോഴിക്കോട്: മാതൃഭൂമി ദിനപ്പത്രത്തിനെതിരേ വ്യാജപ്രചാരണം നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. കോഴിക്കോട് പന്തീരാങ്കാവ് മനയ്ക്കല്‍വീട്ടില്‍ ടി. മനോജ് കുമാറിനെയാണ് (43) ടൗണ്‍പോലീസ് അറസ്റ്റുചെയ്തത്. കേരള പോലീസ് ആക്ടിലെ സെക്‌ഷന്‍ 120, ഐപിസി 501, 153 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. മനഃപൂര്‍വം കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിനും അവാസ്തവമാണെന്ന് അറിഞ്ഞുകൊണ്ട് അപവാദപ്രചാരണങ്ങള്‍ നടത്തിയതിനുമാണു നടപടി.

മാതൃഭൂമി ദിനപ്പത്രം ജമാഅത്തെ ഇസ്‌ലാമിയുടെ മുഖപ്പത്രമാണെന്നും ജമാഅത്തെ ഇസ്‌ലാമി കോടികളുടെ കള്ളപ്പണമൊഴുക്കി മാതൃഭൂമിയെ വിലയ്ക്കുവാങ്ങിയെന്നും സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി വ്യാജപ്രചാരണം നടത്തുകയായിരുന്നു. ഇതിനെതിരേ മാതൃഭൂമി മാനേജ്‌മെന്റ് കോഴിക്കോട് സിറ്റി പോലീസ് മേധാവി എ.വി. ജോര്‍ജിനു നല്‍കിയ പരാതിയെത്തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.

അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്നും കൂടുതല്‍പേര്‍ പിടിയിലാകാനുണ്ടെന്നും ടൗണ്‍ എസ്.ഐ. കെ.ടി. ബിജിത്ത് പറഞ്ഞു. വ്യാജസന്ദേശം മറ്റുള്ളവര്‍ക്ക് അയച്ചുനല്‍കുകയാണ് മനോജ് ചെയ്തത്. അറസ്റ്റുചെയ്ത് മനോജിനെ ജാമ്യത്തില്‍വിട്ടു. ഇത്തരം സന്ദേശങ്ങള്‍ നിര്‍മിച്ചവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും എസ്.ഐ. പറഞ്ഞു.

വ്യാജസന്ദേശങ്ങള്‍ നിര്‍മിക്കുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരേ തുടര്‍ന്നും ശക്തമായ നടപടിയുണ്ടാകുമെന്ന് സിറ്റി പോലീസ് മേധാവി ജോര്‍ജ് പറഞ്ഞു.

Post a Comment

0 Comments