ഏഴു ലക്ഷത്തിന്റെ വായ്പക്ക് ജപ്തി നോട്ടീസ്, നാലാമത്തെ ലോണെടുക്കാന്‍ പോകുന്നതുവഴി ലോട്ടറി എടുത്തു; കയ്യിലെത്തിയത് 12 കോടി രൂപ

കണ്ണൂര്‍; മകളുടെ വിവാഹത്തിനും വീടു പണിക്കു വേണ്ടിയാണ് ഏഴു ലക്ഷം രൂപ ലോണെടുത്തത്. അടവ് മുടങ്ങിയതോടെ ജപ്തി നോട്ടീസ് വന്നു. നില്‍ക്കക്കള്ളി ഇല്ലാതെ വന്നതോടെ ആകെയുള്ള ഒന്‍‍പതു സെന്റ് പണയപ്പെടുത്തി മറ്റൊരു വായ്പയെടുത്ത് ജപ്തി ഒഴിവാക്കാനുള്ള ഓട്ടത്തിലായിരുന്നു രാജന്‍. നാലാമത്തെ ലോണ്‍ എടുക്കാനായി ബാങ്കിലേക്ക് പോകുന്നതിനിടെയാണ് ക്രിസ്മസ് പുതുവത്സര ബംപര്‍ ലോട്ടറി രാജന്‍ എടുക്കുന്നത്.

എന്നാല്‍ ഈ ലോട്ടറി തന്റെ ജീവിതം തന്നെ മാറ്റിമറിക്കുമെന്ന് അപ്പോള്‍ അദ്ദേഹത്തിനറിയില്ലായിരുന്നു. ജപ്തിനോട്ടീസിനൊപ്പം കയ്യിലെത്തിയ ആ ലോട്ടറി ടിക്കറ്റ് ബാലനെ കോടീശ്വരനാക്കിയിരിക്കുകയാണ്. ഏഴു ലക്ഷത്തിന്റെ കടമുണ്ടായിരുന്ന രാജന്‍ ഇന്ന് 12 കോടിയുടെ ഉടമയാണ്. ഭാര്യയുടെ വഴക്ക് ഭയന്നാണ് രാജന്‍ ലോട്ടറി എടുക്കുന്നത്. ലോട്ടറി എടുത്ത് പണം വെറുതെകളയുകയാണെന്ന് ഭാര്യ എപ്പോഴും പറഞ്ഞിരുന്നെന്നും അതിനാല്‍ ടിക്കറ്റിന്റെ വില 300 രൂപയാണെന്ന് ആരോടും പറഞ്ഞിരുന്നില്ല എന്നുമാണ് രാജന്‍ പറയുന്നത്.

കണ്ണൂര്‍ മട്ടന്നൂരിനുസമീപം മാലൂര്‍ പുരളിമല കൈതച്ചാല്‍ കുറിച്യ കോളനിയിലെ പൊരുന്നന്‍ രാജനെയാണ് ഭാ​ഗദേവത തുണച്ചത്. ഭാര്യ രജനിയും മൂന്നു മക്കളും അടങ്ങുന്നതാണു രാജന്റെ കുടുംബം. പട്ടികജാതി വകുപ്പില്‍നിന്നു ലഭിച്ച തുകകൊണ്ടു തുടങ്ങിയ വീടുപണി ഇനിയും പൂര്‍ത്തിയായിട്ടില്ല.

നാലുവര്‍ഷം മുന്‍പാണ് മൂത്ത മകളുടെ വിവാഹത്തിന് മൂന്ന് ബാങ്കുകളില്‍ നിന്നായി 7 ലക്ഷത്തോളം രൂപ വായ്പയെടുത്തത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയിട്ട് ഏറെനാളായി. തുടര്‍ന്നാണ് ജപ്തി നോട്ടീസ് വരുന്നത്. ഈ ലോണ്‍ അടച്ചുതീര്‍ക്കാന്‍ വേണ്ടിയാണ് ആകെയുള്ള ഒന്‍പതര സെന്റ് ഭൂമി പണയപ്പെടുത്തി മറ്റൊരു വായ്പയ്ക്കു ശ്രമിച്ചത്. അതിനു രേഖകളുമായി ഇന്നലെ കൂത്തുപറമ്ബ് ബാങ്കില്‍ എത്താനിരിക്കുകയായിരുന്നു