കെ.എ.എസി.ന്റെ പ്രിലിമിനറി പരീക്ഷയ്ക്ക് കേരള പി.എസ്.സി. ഇതുവരെ പരീക്ഷിക്കാത്ത പുതിയ രൂപമാണെന്നാണ് പൊതുവേയുള്ള ധാരണ. കൂടാതെ, ചോദ്യപ്പേപ്പര്‍ തയ്യാറാക്കുന്നത് സംസ്ഥാനത്തിന് പുറത്തുള്ള വിദഗ്ധസമിതിയാണെന്നും കരുതപ്പെടുന്നു. ബഹുഭൂരിപക്ഷം ഉദ്യോഗാര്‍ഥികളും ഈ ധാരണയോടാണ് തയ്യാറെടുപ്പു നടത്തിവരുന്നതും. സിവില്‍ സര്‍വീസ് പരീക്ഷയുടെ പ്രിലിമിനറിയുമായി സാമ്യമുള്ളതാകും കെ.എ.എസിന്റേതും എന്ന് വിജ്ഞാപനത്തിലും വ്യക്തമാക്കിയിട്ടുണ്ട്.
ചോദ്യത്തില്‍നിന്നു നേരിട്ട് ഉത്തരത്തിലേക്ക് എത്താനാവുന്ന ചോദ്യങ്ങള്‍ക്കു പകരം പല സൂചനകള്‍ വിശകലനം ചെയ്ത് ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങളാവും കാത്തിരിക്കുന്നത്. ഈ പ്രത്യേക ഫോര്‍മാറ്റിന് അനുയോജ്യമായരീതിയില്‍ തയ്യാറെടുപ്പുകളെ പരമാവധി പുനഃക്രമീകരിക്കണം. പ്രത്യേക സിലബസ് ഭാഗങ്ങളിലൂടെ കടന്നുപോകുമ്ബോള്‍ അവിടെനിന്നു വരാന്‍ സാധ്യതയുള്ള ചോദ്യങ്ങളെ ഈ രീതിയില്‍ സ്വന്തമായി വിശകലനം ചെയ്യണം.
പരിശീലന ചോദ്യങ്ങള്‍
ഏതു പ്രധാന പരീക്ഷയുടെയും അവസാനവട്ട പരിശീലനത്തില്‍ ഊന്നല്‍നല്‍കേണ്ടത് പരിശീലന ചോദ്യങ്ങള്‍ക്കും മാതൃകാ ചോദ്യപ്പേപ്പറുകള്‍ക്കുമാണ്. ഇത്തരം പരിശീലനം പരമാവധി നടത്താന്‍ ഇനിയുള്ള സമയം ഊന്നല്‍നല്‍കണം. ഓരോ പരിശീലനപരീക്ഷയ്ക്കുശേഷവും നിലവാരത്തില്‍ വരുന്ന ഉയര്‍ച്ച/താഴ്ചകള്‍ വിലയിരുത്തി ആവശ്യമായ പുനഃക്രമീകരണങ്ങള്‍ ഉദ്യോഗാര്‍ഥികള്‍ സ്വയം നടത്തണം. അവസാനവട്ടമുള്ള പരിശീലന ചോദ്യങ്ങളിലൂടെ കടന്നുപോകുമ്ബോഴാണ് പല വിഷയങ്ങളിലും വന്നിട്ടുണ്ടാകാന്‍ സാധ്യതയുള്ള തയ്യാറെടുപ്പു വീഴ്ചകള്‍ ഉദ്യോഗാര്‍ഥി തിരിച്ചറിയുന്നതും പ്രശ്നപരിഹാരം നടത്തുന്നതും.
കമ്ബൈന്‍ഡ് സ്റ്റഡി
കെ.എ.എസ്. പോലൊരു പരീക്ഷയുടെ അവസാനലാപ്പില്‍ നടത്താവുന്ന ഏറ്റവും നല്ല മുന്നൊരുക്കങ്ങളില്‍ ഒന്നാണ് സമാനമനസ്കരുമായി ചേര്‍ന്നുള്ള സംയുക്ത പഠനം. ഒരേവിഷയത്തിന്റെ വിവിധ വശങ്ങള്‍ ചര്‍ച്ചകളിലൂടെ വേഗത്തില്‍ മനസ്സിലാവും എന്നതിനുപുറമേ, കൂടുതല്‍ ഓര്‍ത്തിരിക്കാനും ഈ രീതി ഉത്തമമാണ്.
ഇനിയുള്ള പരിശീലനനാളുകളില്‍ ദിവസവും കുറഞ്ഞത് മൂന്നു മണിക്കൂര്‍ വീതമെങ്കിലും സംയുക്തപഠനത്തിന് നീക്കിവെക്കാനായാല്‍ അതു വലിയ ഗുണംചെയ്യും. പരീക്ഷയുടെ സ്വഭാവവുമായി താരതമ്യം ചെയ്യുമ്ബോള്‍ ഈ തയ്യാറെടുപ്പുരീതി വളരെ ഫലദായകമാവും.
കറന്റ് അഫയേഴ്‌സ്
പരീക്ഷാ സിലബസില്‍ ജനറല്‍ സ്റ്റഡീസ് പേപ്പര്‍ 2-ല്‍ ഉള്‍പ്പെടുന്ന വിഷയങ്ങളില്‍ ഒന്നുമാത്രമാണെങ്കിലും കെ.എ.എസ്. പ്രിലിമിനറിയില്‍ വളരെയേറെ സ്വാധീനം ചെലുത്തിയേക്കാവുന്ന വിഷയമാണ് കറന്റ് അഫയേഴ്‌സ്. കേന്ദ്രസര്‍വീസുകളിലെ പരീക്ഷകളില്‍ എല്ലാംതന്നെ ഓരോ മേഖലയിലും സംഭവിച്ചിട്ടുള്ള പുതിയ സംഭവവികാസങ്ങള്‍ക്ക് ഊന്നല്‍നല്‍കി ചോദ്യങ്ങള്‍ വരുന്ന രീതിയാണുള്ളത്.
ഉദാഹരണമായി കെ.എ.എസ്. പ്രിലിമിനറി പേപ്പര്‍ 1-ല്‍ ഉള്‍പ്പെടുന്ന ഭരണഘടന, രാഷ്ട്രീയം, ഭൂമിശാസ്ത്രം, പൊതുഭരണം എന്നീ മേഖലകളിലെ എല്ലാംതന്നെ ഏറ്റവും പുതിയ സംഭവവികാസങ്ങളെ കരുതിയിരിക്കണം. പേപ്പര്‍ 2-ലെ ഇക്കോണമി, സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്നീ വിഷയങ്ങളിലെ വലിയൊരു ഭാഗം ചോദ്യങ്ങളും ഏറ്റവും പുതിയ സംഭവവികാസങ്ങളെ അധികരിച്ച് പ്രതീക്ഷിക്കാം.
തിരുത്തേണ്ടവ
അതിവിശാലവും ഗഹനവുമായ ഒരു സിലബസിന്റെ ചെറിയ ഭാഗങ്ങള്‍ മാത്രമാണ് പഠനഭാഗം എന്നപേരില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. അതിനാല്‍ത്തന്നെ സിലബസ് ഭാഗങ്ങളില്‍ തയ്യാറെടുപ്പു നടത്തുമ്ബോള്‍ പരമാവധി ഭാഗങ്ങള്‍ കവര്‍ ചെയ്തു എന്നുറപ്പാക്കണം. ഉദാഹരണമായി സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്ന ഭാഗത്തിനുനല്‍കിയ സിലബസില്‍ നിത്യജീവിതവുമായി ബന്ധപ്പെട്ട ശാസ്ത്രവസ്തുതകള്‍ എന്നൊരു ഐറ്റവും നല്‍കിയിട്ടുണ്ട്. ശാസ്ത്രത്തിലെ അതിവിശാലമായ ഒരു വിഭാഗത്തെ ഇതിലൂടെ സിലബസില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. യഥാര്‍ഥത്തില്‍ ഈ ഭാഗത്തെ പകുതി ചോദ്യങ്ങള്‍വരെ വന്നേക്കാവുന്ന പ്രധാനപ്പെട്ട പഠനമേഖലയാണിത്. ഇത്തരത്തില്‍ എല്ലാ സിലബസ് ഭാഗങ്ങളും ഒന്നുകൂടി വേഗത്തില്‍ വിശകലനം ചെയ്യുന്നത് ഉചിതമാവും.
അവസാനത്തേതും ഒഴിവാക്കാനാവാത്തതും
വിവിധ സംസ്ഥാനങ്ങളില്‍ കെ.എ.എസി.നു സമാനമായ പരീക്ഷകള്‍ വര്‍ഷങ്ങളായി നടന്നുവരുന്നു. ഇതിലേതെങ്കിലും ഒരു മാതൃകയെ അവലംബിച്ച് കെ.എ.എസ്. പ്രിലിമിനറിയുടെ ചോദ്യപ്പേപ്പര്‍ തയ്യാറാക്കാന്‍ സാധ്യത കൂടുതലാണ്. ഈ പരീക്ഷകളുടെ ചോദ്യപ്പേപ്പറുകള്‍ പറ്റുന്നിടത്തോളം പരിശീലിക്കാന്‍ ശ്രദ്ധിക്കണം. ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ സമാനപരീക്ഷകളുടെ ചോദ്യപ്പേപ്പറുകള്‍ കൂടുതല്‍ ഊന്നല്‍നല്‍കി വായിക്കാവുന്നതാണ്.
കൂടാതെ, സമീപകാലത്തുനടന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി ചോദ്യപ്പേപ്പറുകള്‍, യു.പി.എസ്.സി., എസ്.എസ്.സി. എന്നിവ നടത്തിയ മറ്റു പരീക്ഷകള്‍ എന്നിവയുടെ ചോദ്യപ്പേപ്പറുകള്‍ പറ്റുന്നിടത്തോളം പരിശീലിക്കുന്നതും ഗുണംചെയ്യും.
0 Comments