കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 15.2 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് കാസര്‍കോട് എടച്ചക്കൈ സ്വദേശി മുഹമ്മദ് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഇയാളില്‍ നിന്ന് 379 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.  ഇയാള്‍ ഇന്ന് പുലര്‍ച്ചെ 5.25-ന് ദുബായില്‍ നിന്ന് ഗോ എയര്‍ വിമാനത്തിലാണ് എത്തിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം ഗുളിക രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. കസ്റ്റംസ് ചെക്കിംഗ് പരിശോധനയില്‍ സംശയം തോന്നിയ യുവാവിനെ കസ്റ്റഡിയിലെടുത്തു പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെടുത്തത്. പരിശോധനക്ക് കസ്റ്റംസ് അസി. കമ്മീഷണര്‍ മധുസൂദനന്‍ ഭട്ട്, സൂപ്രണ്ടുമാരായ പി.വി സന്തോഷ് കുമാര്‍, പി.സി ചാക്കോ, ജ്യോതിലക്ഷ്മി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.