അയല്‍വാസിയുടെ ഫോട്ടോ കാണിച്ച് വിവാഹവാഗ്ദാനം; കല്യാണത്തിനായി ഓഡിറ്റോറിയം വരെ ബുക്ക് ചെയ്ത് വരന്‍; 43കാരിയായ വീട്ടമ്മ അറസ്റ്റില്‍
തിരുവനന്തപുരം; സോഷ്യല്‍ മീഡിയയിലൂടെ ആള്‍മാറാട്ടം നടത്തി യുവാവിന് വിവാഹവാഗ്ദാനം നല്‍കി പറ്റിച്ച വീട്ടമ്മ അറസ്റ്റില്‍. തിരുവാര്‍പ്പ് രജി (43)ആണ് പോലീസ് പിടിയിലായത്. അയല്‍വാസിയായ യുവതിയുടെ ഫോട്ടോ കാണിച്ചായിരുന്നു രജി തട്ടിപ്പു നടത്തിയത്. വിവാഹത്തിനുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയാക്കി കാത്തിരിക്കുകയായിരുന്ന യുവാവ് അവസാന നിമിഷമാണ് തട്ടിപ്പ് മനസിലാക്കിയത്.
കണ്ണൂര്‍ സ്കേഷാണ് കബളിപ്പിക്കപ്പെട്ടത്. ഫേയ്‌സ്ബുക്കും വാട്‌സാപ്പും വഴിയായിരുന്നു രജിയുടെ നീക്കങ്ങളെല്ലാം. ഫെബ്രുവരി 16ന് തൃപ്പയാര്‍ ക്ഷേത്രത്തില്‍ കല്യാണം നടത്തുന്നതിനായി വരന്റെ ബന്ധുക്കള്‍ ഓഡിറ്റോറിയംവരെ ബുക്കുചെയ്തിരുന്നു. ഞായറാഴ്ച കല്യാണം നടത്താന്‍ തീരുമാനിച്ചെങ്കിലും ഇതുവരെ 'വധു'വിനെ കാണാന്‍ വരനോ ബന്ധുക്കള്‍ക്കോ അവസരം നല്‍കാതെ രജി ഒഴിഞ്ഞുമാറുകയായിരുന്നു.
അയല്‍വാസിയായ നൃത്താധ്യാപികയുടെ ഫോട്ടോകളും റേഷന്‍ കാര്‍ഡിന്റെയും ആധാര്‍ കാര്‍ഡിന്റെയും കോപ്പികളാണ് വിശ്വസിപ്പിക്കാനായി രജി അയച്ചുകൊടുത്തത്. തിരുവനന്തപുരം സര്‍ക്കാര്‍ ആശുപത്രിയിലെ ടെക്‌നീഷ്യനാണ് വധുവെന്നാണ് തെറ്റിദ്ധരിപ്പിച്ചിരുന്നത്. കാണാന്‍ രണ്ടുതവണ കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തിന് യാത്രതിരിച്ച വരനെ രജി വിവിധ കാരണങ്ങള്‍ പറഞ്ഞ് സൂത്രത്തില്‍ തിരിച്ചയച്ചു. വീട്ടില്‍ മരണം, ചിക്കന്‍ പോക്‌സ്, വഴിപ്പണി തുടങ്ങിയ കാരണങ്ങളാണ് ഇവര്‍ പറഞ്ഞത്. ജനുവരി 27ന് ലോഡ്ജില്‍വെച്ചാണ് കല്യാണനിശ്ചയംപോലും നടത്തിയത്.
നിശ്ചയ സമയത്ത് വരന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വധുവിന് കണ്ണൂരിലേക്ക് സ്ഥലം മാറ്റം വാങ്ങാന്‍ ശ്രമിക്കണമെന്ന് രജി ആവശ്യപ്പെട്ടിരുന്നു. മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണ്ണൂര്‍ സ്വദേശിക്ക് ഉണ്ടായത്. വെള്ളപ്പൊക്ക ദുരിതാശ്വാസം ലഭ്യമാക്കുന്നതിനാണെന്ന വ്യാജേനയാണ് രജി അയല്‍വാസിയായ പെണ്‍കുട്ടിയുടെ റേഷന്‍കാര്‍ഡിന്റെയും ആധാര്‍ കാര്‍ഡിന്റെയും കോപ്പികള്‍ കൈക്കലാക്കിയത്. ആള്‍മാറാട്ടം, വ്യാജ ഐഡി നിര്‍മിക്കല്‍, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങള്‍ക്ക് കസ്റ്റഡിയിലെടുത്ത വീട്ടമ്മയെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും യഥാര്‍ത്ഥ ഉദ്ദേശ്യം കണ്ടെത്തനായില്ല.
0 Comments