പോലീസ് നവീകരണം: ബെഹ്‌റ ചെലവഴിച്ചത് 151 കോടി

പോലീസ് നവീകരണം: ബെഹ്‌റ ചെലവഴിച്ചത് 151 കോടി

തിരുവനന്തപുരം: ലോക്‌നാഥ് ബെഹ്‌റ സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റശേഷം പോലീസ് നവീകരണത്തിനായി വാങ്ങിയത് 151.41 കോടി രൂപയുടെ ഉപകരണങ്ങള്‍. സ്റ്റോര്‍പര്‍ച്ചേസ് ചട്ടവും വിജിലന്‍സ് കമ്മിഷന്റെ മാര്‍ഗനിര്‍ദേശങ്ങളും ലംഘിച്ചാണ് ഇവ വാങ്ങ‌ിയതെന്ന് സി.എ.ജി.യുടെ കണ്ടെത്തി. കുറഞ്ഞത് നാലുസംഭവങ്ങളിലെങ്കിലും പോലീസ് ഉദ്യോഗസ്ഥരും വില്‍പ്പനക്കാരും കെല്‍ട്രോണും തമ്മില്‍ വില നിശ്ചയിക്കുന്നതില്‍ ഒത്തുകളിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇത് പദ്ധതികള്‍ക്ക് സാന്പത്തികനഷ്ടമുണ്ടാക്കിയെന്നും സി.എ.ജി. കുറ്റപ്പെടുത്തുന്നു.

എന്നാല്‍, ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചില്ലെന്ന നിലപാടാണ് സര്‍ക്കാരിന്. കഴിഞ്ഞവര്‍ഷം ജൂണ്‍ 27-ന് മുഖ്യമന്ത്രി നിയമസഭയില്‍ ഇടപാടുകളെ ന്യായീകരിക്കുകയും ചെയ്തു. 2016-17 വര്‍ഷത്തില്‍ 24.4 കോടിരൂപയുടെ സാധനങ്ങളാണ് വാങ്ങിയത്. 2017-18ല്‍ 46.79 കോടിയും 2018-19ല്‍ 78.79 കോടിയും ചെലവഴിച്ചു. ഇവയെല്ലാം മാനദണ്ഡങ്ങള്‍ പാലിച്ചാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

പോലീസ് വാഹനം ചീഫ് സെക്രട്ടറിക്ക്

പോലീസിനായി വാങ്ങിയ എസ്.യു.വി. ചീഫ് സെക്രട്ടറി ടോംജോസ് ഉപയോഗിക്കുന്നതും വാവാദത്തില്‍. പോലീസ് മേധാവിയുടെ പേരിലുള്ള വണ്ടി പോലീസ് നവീകരണത്തിനുള്ള ഫണ്ട് ഉപയോഗിച്ചാണ് വാങ്ങിയതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. വണ്ടിയില്‍ കേരള പോലീസിന്റെ സ്റ്റിക്കറുമുണ്ട്.

2019-ല്‍ രജിസ്റ്റര്‍ചെയ്ത വാഹനത്തിന് 15 ലക്ഷത്തോളമാണ് വില. സമാനമായ വാഹനമാണ് പോലീസ് മേധാവിയും ഉപയോഗിക്കുന്നത്. പോലീസിന്റെ വാഹനം ചീഫ് സെക്രട്ടറിക്ക് ഔദ്യോഗികമായി കൈമാറുന്നത് അസാധാരണമാണ്. സാധാരണ ടൂറിസം വകുപ്പിന്റെ വാഹനമാണ് ചീഫ് സെക്രട്ടറി ഉപയോഗിക്കുക.

Post a Comment

0 Comments