വീണ്ടും പാമ്പ് കടി; സ്ഥിരീകരിച്ചു; വിഷം നേരിയ തോതിൽ
വെഞ്ഞാറമൂട്ടിൽ സ്കൂളിൽ കളിക്കുന്നതിനിടയിൽ പാമ്പു കടിയേറ്റ് ചികിൽസയിലായിരുന്ന കുട്ടിയെ തീവ്ര പരിചരണ വിഭാഗത്തിൽ നിന്നും വാർഡിലേക്ക് മാറ്റി. തിങ്കൾ രാവിലെ 11ന് ഗ്രൗണ്ടിൽ കളിക്കുന്നതിനിടെ സമീപത്തെ പുൽത്തകിടിയിലേക്ക് വീണ തേമ്പാംമൂട് സ്കൂളിലെ ആറാം ക്ലാസ്സുകാരനാണ് പാമ്പു കടിയേറ്റത്. എന്തോ കടിച്ചുവെന്ന് മനസ്സിലാക്കിയ കുട്ടി നോക്കുമ്പോൾ പാമ്പ് പോകുന്നതും കണ്ടു. തുടർന്ന് പാമ്പ് കടിച്ചുവെന്ന് നിലവിളിച്ചു കൂട്ടുകാരെ അറിയിക്കുകയായിരുന്നു. ഉടൻ സ്കൂൾ അധികൃതരെത്തി കുട്ടിയെ പുല്ലമ്പാറ ഗവ.ആശുപത്രിയിലും പിന്നീട് വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കയ്യിലെ പാടുകൾ നോക്കി ഏതു ജീവിയാണ് കടിച്ചതെന്ന് മനസ്സിലാക്കാൻ ആദ്യം കഴിഞ്ഞില്ല. തുടർ പരിശോധനയിലാണ് കുട്ടിയെ കടിച്ചത് പാമ്പു തന്നെയാണെങ്കിലും വലിയ തോതിൽ വിഷം ശരീരത്തിലേക്ക് പ്രവേശിച്ചിരുന്നില്ലെന്നു കണ്ടെത്തിയത്.അപകട സ്ഥിതി മാറിയതോടെ കുട്ടിയെ ഇന്നലെ വാർഡിലേക്ക് മാറ്റി. സ്കൂൾ പരിസരം അധികൃതരുടെ നേതൃത്വത്തിൽ ഇന്നലെ വൃത്തിയാക്കി. വിദ്യാർത്ഥികൾക്ക് കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കുന്ന നടപടികൾ സ്വീകരിച്ചുവെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.




0 Comments